അബൂദബി: മുന്‍ഭാര്യക്കും ഭാര്യാപിതാവിനുമെതിരെ വധഭീഷണി മുഴക്കുകയും അപവാദം പരത്തുകയും ചെയ്ത യുവാവിന് അറുപതിനായിരം ദിര്‍ഹം പിഴ. വാട്സ്ആപ്പിലൂടെയാണ് യുവാവ് വധഭീഷണി മുഴക്കിയത്. യുവതിയും പിതാവും നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായാണ് പിഴ. യുവതിയുടെ പിതാവാണ് മുന്‍ മരുമകനെതിരെ കോടതിയെ സമീപിച്ചത്. യുവാവിെൻറ അപവാദപ്രചാരണത്തിലൂടെ നേരിട്ട മാനസിക, ധാര്‍മിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി പത്തുലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
മൂന്നുവര്‍ഷം മുമ്പ് മകള്‍ യുവാവുമായി വിവാഹബന്ധം വേര്‍പെടുത്തിയതായും, എന്നാല്‍ ഇയാള്‍ മകള്‍ക്കെതിരെ അപവാദപ്രചാരണം നടത്തുകയും തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചുവരുകയായിരുന്നുവെന്നും പിതാവ് കോടതിയില്‍ ബോധിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ വലിയ തോതില്‍ ദുഷ്പ്രചാരണം നടത്തിയ യുവാവ് മകളെ സമൂഹത്തിനു മുന്നില്‍ മോശക്കാരിയായി ചിത്രീകരിച്ചുവെന്നും പിതാവ് വ്യക്തമാക്കി. വിവാഹബന്ധത്തില്‍ ഇരുവര്‍ക്കും അഞ്ചു മക്കളുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിയതിനാല്‍ മകളെയും തന്നെയും വധിക്കുമെന്നും വാട്സ്ആപ്പ് സന്ദേശമയച്ചു ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പിതാവ് കോടതിയില്‍ പറഞ്ഞു.
പൊലീസില്‍ പരാതി നല്കിയ യുവതിയുടെ കുടുംബത്തിന് അബൂദബി ക്രിമിനല്‍ കോടതി ആദ്യഘട്ടത്തില്‍ 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് യുവാവിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിനെതിരെ യുവതിയുടെ പിതാവ് അബൂദബി കുടുംബകോടതിയെ സമീപിക്കുകയും നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.