അബൂദബി: ഇംഗ്ലീഷ് ഭാഷയിൽ നോട്ടറി സേവനങ്ങൾ ലഭ്യമാക്കാൻ അബൂദബിയിൽ പുതിയ ഓഫിസ് തുറന്നു. ഇതര ഭാഷക്കാര്‍ക്ക് രേഖകളും സര്‍ട്ടിഫിക്കറ്റുകളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ ഓഫിസാണിത്. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനും അബൂദബി ജുഡീഷ്യല്‍ വകുപ്പ് മേധാവിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് ഓഫിസ് തുടങ്ങിയത്.
കമ്പനി കരാറുകള്‍ സാധൂകരിക്കുക, ഇംഗ്ലീഷിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ തീരുമാനങ്ങള്‍ക്കും പവര്‍ ഓഫ് അറ്റോര്‍ണി മറ്റ് നിയമ പ്രഖ്യാപനങ്ങള്‍ക്കും അംഗീകാരം നല്‍കുക തുടങ്ങിയ വിഷയങ്ങളിലുണ്ടായിരുന്ന ഭാഷാ തടസ്സമാണ് പുതിയ കേന്ദ്രം തുടങ്ങിയതിലൂടെ ഇല്ലാതാവുന്നതെന്ന് ജുഡീഷ്യല്‍ വകുപ്പ് അണ്ടർ സെക്രട്ടറി യൂസുഫ് അല്‍ അബ്രി പറഞ്ഞു. രാജ്യത്തെ നിയമസേവനങ്ങള്‍ ഏവര്‍ക്കും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്ന അബൂദബിയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനം കൂടിയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള നോട്ടറി ഓഫിസ്.
2021 ഡിസംബറില്‍ അമുസ്ലിംകള്‍ക്കായി അബൂദബിയില്‍ കോടതി തുറന്നിരുന്നു. ജുഡീഷ്യല്‍ നടപടികളുടെ സുതാര്യത ഉറപ്പുവരുത്താൻ വിദേശികള്‍ക്കായി അറബിക്, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു കോടതി നടപടികള്‍. അറബിക് ഭാഷ സംസാരിക്കാത്തവര്‍ക്കായി കേസുകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തണമെന്ന് 2018ല്‍ അബൂദബി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനുമുമ്പ് കോടതി രേഖകള്‍ അറബിക് ഭാഷയില്‍ മാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. കാര്യങ്ങള്‍ മനസ്സിലാവണമെങ്കില്‍ കക്ഷികള്‍ തങ്ങള്‍ക്കെതിരായ കേസുകള്‍ പണം കൊടുത്ത് പുറത്തുനിന്ന് പരിഭാഷപ്പെടുത്തേണ്ടിയിരുന്നു.
അതേസമയം, കോടതി നടപടികള്‍ വിദേശികള്‍ക്കു കൂടി മനസ്സിലാവുകയെന്ന ലക്ഷ്യത്തോടെ 2022 മേയിൽ അബൂദബി നിയമവകുപ്പ് ഏര്‍പ്പെടുത്തിയ വിദേശഭാഷകളുടെ എണ്ണം ഏഴായി ഉയര്‍ത്തിയിരുന്നു. സ്പാനിഷ് ഭാഷയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, റഷ്യന്‍, ചൈനീസ്, ഫ്രഞ്ച് ഭാഷകളിലാണ് ഈ സേവനം ലഭ്യമായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.