ദുബൈ: സിനിമാ റിവ്യൂകളിൽ വിശ്വസിക്കുന്നില്ലെന്നും മികച്ച സിനിമകൾ വിജയിക്കുക തന്നെ ചെയ്യുമെന്നും സംവിധായകൻ അനീഷ് അൻവർ. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘രാസ്ത’യുടെ റിലീസുമായി ബന്ധപ്പെട്ട് ദുബൈയിലെ ഫ്ലോറ ഇൻ ഹോട്ടലിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ് ബജറ്റ് ചിത്രമല്ലെങ്കിലും മികച്ച തിയറ്റർ അനുഭവം സമ്മാനിക്കുന്നതാണ് ചിത്രമെന്നും അദ്ദേഹം പറഞ്ഞു. പൂർണമായും ഒമാനിൽ ചിത്രീകരിച്ച ചിത്രം മരുഭൂമിയിൽ അകപ്പെട്ടവരുടെ അതിജീവനത്തിന്റെ കഥയാണ് മുന്നോട്ടുവെക്കുന്നത്. ചിത്രം ഇന്ന് തിയറ്ററുകളിലെത്തും. കേരളത്തിൽ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ വിതരണം. ഏതാണ്ട് നൂറോളം തിയറ്ററുകളിൽ വ്യാഴാഴ്ച സിനിമ പ്രദർശിപ്പിക്കും. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ. അലു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. സംഗീതം അവിൻ മോഹൻ സിതാര. അഫ്തർ അൻവറാണ് എഡിറ്റിങ്. വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. നടൻ സർജാനോ ഖാലിദ്, നിർമാതാവ് ലിനു ശ്രീനിവാസ്, മുനീർ അൽ വഫ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.