ദുബൈ: ലോകമെമ്പാടുമുള്ള ജീവകാരുണ്യ പ്രവർത്തകരുടെ സംഗമ വേദിയായ ‘ദിഹാദിന്റെ’ (ദുബൈ ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് െഡവലപ്മെന്റ്) അന്താരാഷ്ട്ര വ്യക്തിത്വ പുരസ്കാരം യു.എ.ഇ രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറഖിന്. ദുബൈയിൽ ആരംഭിച്ച ദിഹാദ് കോൺഫറൻസിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദിഹാദിന്റെ 19 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വനിത പുരസ്കാരത്തിന് അർഹയാകുന്നത്. പ്രതിസന്ധികാലങ്ങളിൽ ലോകമെമ്പാടും സഹായമൊഴുക്കിയത് പരിഗണിച്ചാണ് ശൈഖ ഫാത്തിമക്ക് പുരസ്കാരം നൽകിയത്.
ദയയും അനുകമ്പയും പ്രചരിപ്പിക്കുന്ന ശൈഖ ഫാത്തിമയെ ‘സമാധാനത്തിന്റെ മാതാവ്’ എന്ന പദവി നൽകിയും ആദരിച്ചു. ആഗോളതലത്തിൽ വനിതകളെ പിന്തുണക്കുന്ന ശൈഖ ഫാത്തിമ ഭൂകമ്പത്തിലാഴ്ന്നുപോയ സിറിയക്കും തുർക്കിയക്കും വൻ സഹായം പ്രഖ്യാപിച്ചിരുന്നു. ശൈഖ ഫാത്തിമക്കു വേണ്ടി യു.എ.ഇ സഹമന്ത്രി ഡോ. മൈത ബിൻത് സാലിം അൽ ഷംസി പുരസ്കാരം സ്വീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നവർക്ക് നൽകുന്ന അന്താരാഷ്ട്ര പുരസ്കാരമാണിത്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ദിഹാദ് ബുധനാഴ്ച സമാപിക്കും.
മൂന്നുദിവസത്തെ സമ്മേളനത്തിൽ സർക്കാറിതര സംഘടനകൾ, യു.എൻ ഏജൻസികൾ, അന്താരാഷ്ട്ര ചാരിറ്റി സംഘടനകൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭ, എമിറേറ്റ്സ് റെഡ്ക്രസൻറ്, റെഡ്ക്രോസ്, ദുബൈ കെയേഴ്സ് ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയുടെ മാതൃകയും പ്രദർശനത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.