ദുബൈ: കാലാവസ്ഥ മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങളും നിരീക്ഷിക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയവും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും (എൻ.സി.എം) ചേർന്ന് വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
‘ഏർളി വാർണിങ് ഫോർ ആൾ’ എന്നാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ പേര്. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ കാര്യക്ഷമമായി പ്രതികരിക്കാനും അപകട സാധ്യതകൾ തിരിച്ചറിഞ്ഞ് സമഗ്രമായ പ്രതികരണ പദ്ധതികൾ ആസൂത്രണം ചെയ്യാനും പുതിയ പ്ലാറ്റ്ഫോം സഹായകമാവും. ഗുരുതരമായ പ്രകൃതി, കാലാവസ്ഥ ദുരന്ത വേളകളിൽ ധ്രുതഗതിയിൽ നടപടികൾ എടുക്കാൻ രാജ്യത്തിന് പുറത്തുള്ള പൗരൻമാരെ ബോധവത്കരിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രാലയവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സഹകരണ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.
വിദേശകാര്യ മന്ത്രാലയം കോൺസുലർ അഫേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫൈസൽ ഈസ ലുത്ഫി, ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടറും ലോക കാലാവസ്ഥ സംഘടന പ്രസിഡന്റുമായ ഡോ. അബ്ദുല്ല അഹമ്മദ് അൽ മാണ്ടസ് എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിൽ യു.എ.ഇ ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയ ടീമുകൾ വിദേശത്തുള്ള രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും നടപടിക്രമങ്ങൾ സുഗമമാക്കാനും അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും സഹായം നൽകാനും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. പൗരൻമാരുടെ സുരക്ഷക്ക് ഏറെ പ്രധാന്യമാണ് ദീർഘവീക്ഷണമുള്ള യു.എ.ഇയുടെ ഭരണകർത്താക്കൾ നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.