ദുബൈ: വിദേശ സർവകലാശാലകളുടെയും വ്യാജ സർവകലാശാലകളുടെയും പേരിൽ ഡോക്ടറേറ്റ് തട്ടിപ്പ് വ്യാപകം. ഡോക്ടറേറ്റിന് ഒരു അർഹതയുമില്ലാത്തവരാണ് പണം നൽകി ഏതെങ്കിലും സർവകലാശാലയുടെ ഡോക്ടറേറ്റ് വാങ്ങുന്നത്. ഡോക്ടറേറ്റ് നൽകുന്നതിനും വാങ്ങുന്നതിനും പിന്നിൽ മലയാളികളുമുണ്ട്.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ശൃംഖലയുള്ള തട്ടിപ്പ് സംഘത്തിന്റെ ഭാഗമായവർ യു.എ.ഇയിലും പ്രവർത്തിക്കുന്നു. ഡോക്ടറേറ്റ് നൽകാൻ മാത്രമല്ല, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഡോക്ടറേറ്റ് വിതരണ പരിപാടികൾ സംഘടിപ്പിക്കാനും ഇവർ മുൻപന്തിയിലുണ്ട്.
വിദേശങ്ങളിലെ ഡീംഡ് യൂനിവേഴ്സിറ്റിയുടെയും വ്യാജ വിദേശ യൂനിവേഴ്സിറ്റികളുടെയും പേരിലാണ് തട്ടിപ്പ്. സമൂഹത്തിലെ ഉന്നതരായ ആളുകളും ബിസിനസുകാരും ഇത്തരത്തിൽ ഡോക്ടറേറ്റ് ലോബിയുടെ കെണിയിൽപെടുന്നുണ്ട്.
സാമ്പത്തിക സ്ഥിതി ഉണ്ടായിട്ടും സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നവരാണ് ഡോക്ടറേറ്റ് പണംകൊടുത്ത് വാങ്ങുന്നവരിൽ കൂടുതലും. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവരും ഡോക്ടറേറ്റ് ലഭിച്ചവരിൽ ഉണ്ട്. ഗ്ലോബൽ ഡിജിറ്റൽ സാമൂഹിക സേവന ഡോക്ടറേറ്റ്, ഡിജിറ്റൽ ജീവകാരുണ്യ ഡോക്ടറേറ്റ്, സംഘാടന മികവിനുള്ള ഡോക്ടറേറ്റ് തുടങ്ങി പലരീതിയിലാണ് പണം മാത്രം മാനദണ്ഡമായുള്ള ഈ ഡോക്ടറേറ്റുകൾ നൽകുന്നത്. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാതെ ഗൾഫിലെത്തി സാമ്പത്തിക സ്ഥിതി നേടിയപ്പോൾ കാശുകൊടുത്ത് ഡോക്ടറേറ്റ് നേടിയവർ നിരവധിയാണ്.
കോവിഡ് കാലത്ത് പ്രവർത്തനം നടത്തിയെന്ന് അവകാശപ്പെട്ടും ഡോക്ടറേറ്റ് നേടിയവരുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഡോക്ടറേറ്റ് വിതരണ ചടങ്ങുകളും സംഘടിപ്പിക്കാറുണ്ട്. വിവിധ യൂനിവേഴ്സിറ്റികളുടെ മേധാവികൾ എന്ന രീതിയിൽ ഇവിടെ അവതരിപ്പിക്കുന്നത് വ്യാജന്മാരെയാണെന്നും ആരോപണമുണ്ട്.
5000 ഡോളർ മുതൽ 25,000 ദിർഹം വരെയാണ് ഡോക്ടറേറ്റിന് ചോദിക്കുന്ന വില. കൂടുതൽ പേർ ഉണ്ടെങ്കിൽ ഇളവു ലഭിക്കും. തിയറിയോ പഠനമോ ഇല്ലാതെ ഡോക്ടറേറ്റ് കച്ചവടം നടത്തുന്നവർക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ഇന്ത്യാ ഗവൺമെന്റിനും യു.എ.ഇ, സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പിനും സാമൂഹിക പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. കൃത്യമായി പഠിച്ച് പരീക്ഷയെഴുതി യൂനിവേഴ്സിറ്റികളിൽനിന്നും ബിരുദങ്ങൾ സമ്പാദിക്കുന്നവരെ നോക്കുകുത്തിയാക്കിയാണ് തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.