ദുബൈ: വയനാട് പ്രകൃതി ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനമറിയിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. കേരളം കണ്ടതിൽവെച്ചേറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണിത്. നേരിടാൻ സംസ്ഥാന സർക്കാറിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വയനാട്ടിലെ ഡോ. മൂപ്പൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ദുരന്തമുഖത്തുണ്ട്. സർക്കാർ ആശുപത്രികളുമായി സഹകരിച്ച് പരിക്കേറ്റവർക്കുവേണ്ടി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം കേരളത്തിന് ആശ്വാസമായി നാല് കോടി രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 2.5 കോടി രൂപ പുനരധിവാസത്തിനുമാണ് നൽകുക. ആസ്റ്റർ ജീവനക്കാരിൽ ചിലരെ ദുരന്തത്തിൽ കാണാതായിട്ടുണ്ട്. അവരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ എല്ലാവിധ ശ്രമങ്ങളും തുടരുകയാണ്.
ദുരന്തത്തിലകപ്പെട്ട ജീവനക്കാർക്ക് പിന്തുണയും ആസ്റ്റർ വാഗ്ദാനം ചെയ്യുകയാണ്. അവരുടെ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ, ഫസ്റ്റ് എയ്ഡ് ഉൽപന്നങ്ങൾ, മെഡിക്കൽ സേവനങ്ങൾ എന്നിവയും എത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരെ പരിചരിക്കാൻ ആസ്റ്റർ വളന്റിയർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.