ഷാർജ: എമിറേറ്റിൽ മഴവെള്ളം ഒഴുക്കിവിടാനുള്ള ഓവുചാൽ പദ്ധതിക്കും ഭൂഗർഭജല പദ്ധതിക്കുമായി 40 കോടി ദിർഹം അനുവദിച്ചു. ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഗവർണറും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര എക്സിക്യൂട്ടിവ് യോഗത്തിലാണ് വൻ തുക വകയിരുത്തിയത്. പദ്ധതിയുടെ പ്രധാന ലൈനിന് 4.9 കിലോമീറ്റർ നീളവും 20 മീറ്റർ ആഴവുമാണ് കണക്കാക്കുന്നത്.
അൽ സൂർ, അൽ ഖുബൈബ് ഏരിയകളിലായി രണ്ട് പമ്പിങ് സ്റ്റേഷനുകൾ പദ്ധതിയുടെ ഭാഗമായി നിർമിക്കും. കൂടാതെ പമ്പിങ് സ്റ്റേഷനിലേക്കുള്ള നിലവിലെ ഓവുചാൽ ശൃംഖലയുമായി പ്രധാന ലൈനുകളെ ബന്ധിപ്പിക്കും. 11 പരിശോധന റൂമുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. 13 ഏരിയകളുമായും അഞ്ച് മെയിൻ റോഡുകളുമായും പദ്ധതി ബന്ധിപ്പിക്കും.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തിന് കീഴിലാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്.
റിയൽ എസ്റ്റേറ്റ് വികസന പദ്ധതികളുടെ സുഖകരമായ നടത്തിപ്പിനുള്ള പ്രമേയവും കൗൺസിൽ പാസാക്കി. റിയൽ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ഉൾപ്പെടുന്ന നിയമാവലിയാണ് അതിൽ ഉൾപ്പെടുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ എല്ലാ പാർട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ബാങ്ക് ഗാരന്റി അക്കൗണ്ട് സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളാണ് എക്സിക്യൂട്ടിവ് കൗൺസിൽ കൊണ്ടുവന്നത്.
അടുത്ത വർഷം മേയ് ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഷാർജയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ കുതിപ്പ് പ്രകടമാകുന്ന സാഹചര്യത്തിലാണ് കൂടുതൽ സുതാര്യമായ നടപടികൾക്കായി നിയമങ്ങൾ ശക്തമാക്കുന്നത്. ഷാർജ ഡെപ്യൂട്ടി ഗവർണറും എക്സിക്യൂട്ടിവ് കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.