അബൂദബി: മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് കുട്ടികളെ രക്ഷിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് അബൂദബി പൊലീസ് ആന്റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റിലെ മേജര്‍ യൂസുഫ് അല്‍ ഹമ്മാദി. യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യവും സ്ഥിരതയും ശിഥിലമാക്കാന്‍ പലവിധ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിലൊന്ന് മയക്കുമരുന്ന് ഉപയോഗമാണ്. മയക്കുമരുന്ന് ഉപയോഗം കുടുംബത്തെ മാത്രമല്ല, സമൂഹത്തെയും രാജ്യത്തെയും ബാധിക്കുന്നതാണ്. കുട്ടികളില്‍ സംശയകരമായ പെരുമാറ്റം തോന്നിയാല്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിലും മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം. ജോലിത്തിരക്കുമൂലം ചില മാതാപിതാക്കള്‍ കുട്ടികളുമായുള്ള ബന്ധംപോലും ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് അപകടകരമായ പ്രവണതയാണ്. മയക്കുമരുന്ന് ഉപയോഗത്തെ നിയന്ത്രിക്കുന്നതിന് കടുത്ത ശിക്ഷയാണ് നല്‍കുന്നത്.
നിയമത്തിനു മുന്നില്‍ സ്വദേശികളെന്നോ വിദേശികളെന്നോ ഉള്ള വേര്‍തിരിവില്ല. സംശയകരമായ പ്രവൃത്തികള്‍ കണ്ടാല്‍ 800266 എന്ന അമന് സര്‍വിസിലൂടെ വിവരം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാമിലി കൗണ്‍സിലര്‍ ഡോ. ജൗഹര്‍ മുനവ്വിര്‍, അബൂദബി പൊലീസിലെ സല്‍മ അല്‍ ഷുറുഫ, ശംസുദ്ദീന്‍ അജ്മാന് (ജനറല്‍ സെക്രട്ടറി, വിസ്ഡം യു.എ.ഇ) അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി അബൂദബി ജന. സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം, ഡോ. ബഷീര്‍ (പ്രസിഡന്റ്, വിസ്ഡം യു.എ.ഇ), സഈദ് ചാലിശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.