ദുബൈ: എമിറേറ്റിൽ കുറ്റകൃത്യങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 2022ൽ 63 ശതമാനം കുറഞ്ഞതായി ദുബൈ പൊലീസ് കുറ്റാന്വേഷണ വിഭാഗമായ സി.ഐ.ഡി വകുപ്പ് അറിയിച്ചു. കുറ്റവാളികളെ കണ്ടെത്തുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പൊലീസ് നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിജയമാണിത് സൂചിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 2021നെക്കാൾ വലിയ അളവിലാണ് കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നത്. സി.ഐ.ഡി വിഭാഗം നടപ്പിലാക്കിയ എട്ട് പദ്ധതികളും മികവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ സഹായകമായിട്ടുണ്ടെന്നും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പ്രസ്താവിച്ചു.
സി.ഐ.ഡി വിഭാഗത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി വകുപ്പിൽ നടത്തിയ വാർഷിക പരിശോധനക്കു ശേഷമാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികളെ സംബന്ധിച്ച റിപ്പോർട്ടും മറ്റ് അവതരണങ്ങളും കമാൻഡർ ഇൻ ചീഫ് സന്ദർശനത്തിൽ ശ്രവിക്കുകയും പരിശോധിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 442 കുറ്റവാളികളെ പിടികൂടാനും വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 782 കേസുകൾ കൈകാര്യം ചെയ്യാനും സാധിച്ചിട്ടുണ്ടെന്ന് വാർഷിക അവലോകനത്തിൽ പറയുന്നു. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിന് വകുപ്പ് നടത്തുന്ന ശ്രമങ്ങളും വിവരിച്ചു. കളഞ്ഞുപോയ വസ്തുക്കൾ കണ്ടെത്തി നൽകുന്ന ദുബൈ പൊലീസിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗം, ടൂറിസ്റ്റ് പൊലീസ്, പരിശീലന-വികസന വിഭാഗം എന്നിവയുടെ വാർഷിക പ്രവർത്തനങ്ങളും വിലയിരുത്തി.
745 കളഞ്ഞുകിട്ടിയ വസ്തുക്കൾ കഴിഞ്ഞ വർഷത്തിൽ ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗം ഉടമസ്ഥർക്ക് തിരിച്ചുനൽകിയിട്ടുണ്ട്. വീണുകിട്ടിയ വസ്തുക്കൾ പൊലീസിൽ ഏൽപിച്ച് മാതൃകയായ 14 താമസക്കാരെ ഇക്കാലയളവിൽ ആദരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാനമായും ബോധവത്കരണ പ്രവർത്തനങ്ങളിൽ ഊന്നിയ ടൂറിസ്റ്റ് പൊലീസ് 55 ബോധവത്കരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പരിശീലന-വികസന വിഭാഗം കോഴ്സുകളും വർക്ഷോപ്പുകളും ലെക്ചറുകളുമടക്കം 108 പരിപാടികളാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.