ദുബൈ: ദുരിതകാലത്ത് പ്രവാസികളെ ചേർത്തുനിർത്തിയ ചരിത്രമുള്ള ദുബൈ ഒരിക്കൽ കൂടി അത് തെളിയിക്കുകയാണ്.അഞ്ച് മാസം മുമ്പ് മോഷ്ടാവിെൻറ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ദമ്പതികളുടെ രണ്ട് പെൺമക്കൾക്കും പത്ത് വർഷത്തേക്കുള്ള ഗോൾഡ് കാർഡ് വിസ നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) ദുബൈ പൊലീസും. ഇവരുടെ പഠന, താമസ ചെലവുകൾ പൂർണമായും ദുബൈ ഏറ്റെടുത്തു. 18, 13 വയസ്സുള്ള കുട്ടികൾക്ക് പുറമെ മരിച്ചവരുടെ മാതാപിതാക്കൾക്കും േഗാൾഡ് കാർഡ് വിസ നൽകി.
ദുബൈയിലെ കനേഡിയൻ യൂനിവേഴ്സിറ്റിയിലും റെപ്റ്റൺ സ്കൂളിലുമാണ് ഇവർക്ക് പൂർണ സ്കോളർഷിപ്പോടെ പഠന സൗകര്യം ഏർപ്പെടുത്തുന്നത്. സൗകര്യപ്രദമായ സ്ഥലത്ത് ഇവർക്കും രക്ഷിതാക്കൾക്കും താമസമൊരുക്കും. ഇവർക്കുള്ള നിയമ സഹായം ദുബൈ പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസിെൻറ നേതൃത്വത്തിലായിരുന്നു ചെയ്തിരുന്നത്. ഇന്ത്യൻ അധികൃതരുമായി സഹകരിച്ച് ഇവർക്ക് ഇന്ത്യയിലേക്ക് പോകാനുള്ള സൗകര്യവും ചെയ്തിരുന്നു.
ജൂൺ 17നാണ് ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ, വിധി ആദിയ എന്നിവർ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ പാകിസ്താൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ദുബൈ അറേബ്യൻ റാഞ്ചസ് മിറാഡിലെ വില്ലയിൽ കയറിയ ഇയാൾ മോഷണശ്രമത്തിനിടെ കൊലപാതകം നടത്തുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി ഇയാൾ നേരത്തെ വീട്ടിൽ എത്തിയിരുന്നു. വീടും പരിസരവും വ്യക്തമായി മനസ്സിലാക്കിയ ഇയാൾ ബാൽക്കണി വഴി വീടിനുള്ളിൽ പ്രവേശിച്ചു. 2000 ദിർഹമുള്ള പഴ്സ് കൈക്കലാക്കിയ ശേഷം മുകളിലുള്ള ഹിരണിെൻറയും വിധിയുടെയും മുറിയിലെത്തി. വിലപിടിപ്പുള്ള വസ്തുക്കൾ തിരയുന്നതിനിടെ ദമ്പതികൾ ഉണർന്നതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ബഹളം വെച്ചതോടെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും കുത്തി. ഭർത്താവിനെ പത്ത് തവണയും ഭാര്യയെ 14 തവണയും കുത്തി. നിലവിളിേകട്ട് മൂത്ത മകൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മാതാപിതാക്കളെയാണ് കണ്ടത്. ഇതോടെ ബഹളം വെച്ച പെൺകുട്ടിയെയും കുത്തിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയാണ് പൊലീസിൽ വിവരം അറിയിച്ചത്.
വ്യാപക തിരച്ചിൽ നടത്തിയ പൊലീസ് 24 മണിക്കൂറിനകം പ്രതിയെ വലയിലാക്കി. ഇയാളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ദുബൈയിൽ ജീവിക്കണമെന്നും പഠിക്കണമെന്നുമുള്ള മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റണമെന്ന കുട്ടികളുടെ ആഗ്രഹം പൂർത്തിയാക്കുന്നതിെൻറ ഭാഗമായാണ് ഇവരെ ഏറ്റെടുത്തതെന്ന് ക്യാപ്റ്റൻ ഡോ. അബ്ദുല്ല അൽ ശൈഖും ബ്രിഗേഡിയർ അഹ്മദ് റഫിയും പറഞ്ഞു. സി.ഐ.ഡി വിക്ടിം സപ്പോർട്ട് പ്രോഗ്രാമിെൻറ സഹായത്തോടെയാണ് ഇവരെ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.