ദുബൈ: 2022ൽ ഏഷ്യൻ, അറബ് മേഖലയിലെ ഏറ്റവും ജനപ്രിയ നഗരമായി ദുബൈ. ഗൂഗ്ളിന്റെ ‘ഡെസ്റ്റിനേഷൻ ഇൻസൈറ്റ്’ പ്രകാരമാണ് ഇക്കാര്യം വെളിപ്പെട്ടത്. പട്ടികയിൽ ആഗോളതലത്തിൽ ലണ്ടന് തൊട്ടുപിറകിലായി രണ്ടാം സ്ഥാനവും നഗരത്തിനുണ്ട്. വിമാനയാത്രക്കും താമസത്തിനുമായി ആളുകൾ കൂടുതലായി തിരഞ്ഞ നഗരങ്ങളാണ് പട്ടികയിൽ വരുന്നത്. ഫ്രഞ്ച് തലസ്ഥാനമായ പാരിസ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ന്യൂയോർക്, ആംസ്റ്റർഡാം, ബാഴ്സലോണ എന്നിവയാണ് ഇവക്ക് പിറകിലായി സ്ഥാനം പിടിച്ചത്. പട്ടികയിൽ ലിസ്ബൺ ആറാമതും ഇസ്തംബൂൾ ഏഴാമതുമാണ്.
അന്താരാഷ്ട്ര യാത്രകളുടെ ആഗോള കേന്ദ്രമായ ദുബൈ വിമാനത്താവളം ഡിസംബറിലും ലോകത്തെ ഏറ്റവും തിരക്കേറിയതാണെന്ന് പ്രമുഖ ഏവിയേഷൻ കൺസൾട്ടൻസി കമ്പനിയായ ഒ.എ.ജിയുടെ പ്രതിമാസ റാങ്കിങ്ങിൽ വെളിപ്പെട്ടിരുന്നു.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ അടക്കം പിന്തള്ളിയാണ് നേട്ടം നിലനിർത്തിയത്. വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സീറ്റ് ശേഷിയും അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണവും അടക്കമുള്ളവ പരിഗണിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്. കോവിഡിന് മുമ്പുണ്ടായിരുന്ന തിരക്കിലേക്ക് പൂർണമായും ദുബൈ വിമാനത്താവളം തിരിച്ചെത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
നവംബറിനെ അപേക്ഷിച്ച് എട്ട് ശതമാനം വർധനവാണ് അന്താരാഷ്ട്ര വിമാന സീറ്റുകളുടെ എണ്ണത്തിൽ നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ രേഖപ്പെടുത്തിയത്. 46 ലക്ഷം സീറ്റുകളുടെ ശേഷിയുള്ള ദുബൈക്ക് പിറകിലുള്ള ഹീത്രു വിമാനത്താവളം 10 ലക്ഷം സീറ്റുകൾക്ക് പിന്നിലായാണ് രണ്ടാം സ്ഥാനത്തെത്തിയത്. ചില പ്രധാന യൂറോപ്യൻ വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, സുഗമമായ പ്രവർത്തനവും കാലതാമസമില്ലാത്ത ഷെഡ്യൂളുമാണ് ദുബൈയിലേക്ക് യാത്രക്കാരെ ആകർഷിക്കുന്ന ഘടകമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ടിക്ടോക്ക് അടക്കമുള്ള വിവിധ സമൂഹ മാധ്യമങ്ങൾ വഴി ഏറ്റവും കൂടുതൽ പേർ പരിശോധിച്ച വിനോദസഞ്ചാര കേന്ദ്രവും ദുബൈയാണെന്ന് നേരത്തെ കണക്കുകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.