ദുബൈ: ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബൈ. ജപ്പാനിലെ മോറി മെമോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സിലാണ് ദുബൈ ഒന്നാമതെത്തിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
ശുചിത്വം വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വമാണ് നാഗരികത, ശുചിത്വമാണ് സംസ്കാരം. ദുബൈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ നഗരം കൂടിയാണ്. ദൈവം തന്നത് നമ്മൾ സുരക്ഷിതമായും സമൃദ്ധമായും സുസ്ഥിരമായും സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുൻപും പവർ സിറ്റി ഇൻഡക്സിൽ ദുബൈ ഒന്നാമതെത്തിയിട്ടുണ്ട്. ദുബൈ മുനിസിപ്പാലിറ്റി ഉൾപെടെയുള്ള സർക്കാർ ഏജൻസികൾ നഗര ശുചീകരണത്തിന് വൻ പ്രാധാന്യമാണ് നൽകുന്നത്. ഏതൊരു പരിപാടി നടന്നാലും മിനിറ്റുകൾക്കുള്ളിൽ നഗരം പഴയ നിലയിലേക്കെത്തിക്കാൻ അധികൃതർ ശ്രദ്ധിക്കാറുണ്ട്. പുതുവത്സര ദിനത്തിൽ ബുർജ് ഖലീഫയിൽ നടന്ന വമ്പൻ വെടിക്കെട്ടിന് പിന്നാലെ മണിക്കൂറുകൾക്കുളളിലാണ് ചുറ്റുപാടുമുള്ള അവശിഷ്ടങ്ങൾ നീക്കിയത്.
നഗരത്തിലുടനീളം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചും ശുചീകരണ തൊഴിലാളികളെ നിയോഗിച്ചുമാണ് നഗര ശുചീകരണം നടപ്പാക്കുന്നത്. ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നഗരമായതിനാൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയാണ് നഗര പരിപാലനം. ശുചീകരണത്തിന് പുറമെ നഗരത്തിലുടനീളം ചെടികൾ നട്ടുപിടിപ്പിച്ചും പൂക്കൾ വിടർത്തിയും നഗര സഭ ദുബൈയെ പരിപാലിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.