ദുബൈ: വില്യം രാജകുമാരൻ സന്ദർശനത്തിനായി ദുബൈയിൽ എത്തി. എക്സ്പോയിൽ സ്വന്തം നാടായ യു.കെയുടെ പവിലിയൻ സന്ദർശിച്ച അദ്ദേഹം ജബൽ അലി പോർട്ടിലും ജുബൈൽ മാംഗ്രോവ് പാർക്കിലും എത്തി.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പമായിരുന്നു എക്സ്പോ സന്ദർശനം. സാംസ്കാരിക, യുവജനമന്ത്രി നൂറ അൽ കാബിയും ഒപ്പമുണ്ടായിരുന്നു. ആദ്യമായാണ് വില്യം രാജകുമാരാൻ ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇയിൽ എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് സന്ദർശനം.
യു.എ.ഇയിലെ ഭരണകർത്താക്കളുമായും യുവ ഇമാറാത്തികളുമായും കൂടിക്കാഴ്ച നടത്തും. യു.കെ ദേശീയ ദിനവുമായി ബന്ധപ്പെട്ട് എക്സ്പോയിലെ അൽവാസൽ ഡോമിൽ നടന്ന പരിപാടി കാണാനും വില്യം രാജകുമാരൻ എത്തി. അദ്ദേഹത്തിനൊപ്പം ചിത്രങ്ങളെടുക്കാൻ നാട്ടുകാരും മറുനാട്ടുകാരും തിരക്കുകൂട്ടി.
അബൂദബി ജുബൈൽ മാംഗ്രോവ് പാർക്കിലെത്തിയ അദ്ദേഹം അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിനും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്തു. വ്യാപാരബന്ധത്തെ കുറിച്ചുള്ള ചർച്ചയാണ് ജബൽ അലിയിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.