ദുബൈ: കോവിഡാനന്തര ലോകത്തിന് പ്രത്യാശ പകർന്ന് തുടക്കം കുറിച്ച എക്സ്പോ 2020 ദുബൈ വിജയകരമായി പാതിദിനങ്ങൾ പിന്നിട്ടു. ആറുമാസം നീളുന്ന വിശ്വമേളയിൽ മൂന്നു മാസത്തിനിടെ 90 ലക്ഷം സന്ദർശകരാണ് എത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് ആരംഭിച്ച സന്ദർശക പ്രവാഹത്തിൽ ഡിസംബർ അവസാന ആഴ്ചയിലെ ക്രിസ്മസ്-പുതുവത്സര ആഘോഷദിനങ്ങളിൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മാർച്ച് 31ന് അവസാനിക്കുന്ന മേളയുടെ രണ്ടാം പകുതിയിൽ കൂടുതൽ സംഗീത-കായിക-സാംസ്കാരിക പരിപാടികളിലൂടെ ആദ്യഘട്ടത്തേതിനേക്കാൾ സന്ദർശകരെ എത്തിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. എന്നാൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചെറിയരീതിയിൽ പ്രദർശനം കാണാനെത്തുന്നവരിൽ കുറവുണ്ടായിട്ടുണ്ട്.
ഇതുവരെ എത്തിയ സന്ദർശകരിൽ മൂന്നിലൊന്ന് വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. ഇന്ത്യ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, യു.എസ്, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ വന്നത്. 47ശതമാനം സന്ദർശകരും എക്സ്പോയുടെ സീസൺ പാസുകൾ വാങ്ങിയാണ് പ്രവേശിച്ചത്. പൊതുഗതാഗതം ഉപയോഗപ്പെടുത്തിയാണ് ധാരാളം ആളുകൾ എക്സ്പോയിൽ എത്തുന്നത്. 6,75,000പേർ ടാക്സികൾ ഉപയോഗിച്ചും പത്തുലക്ഷത്തിലേറെ പേർ എക്സ്പോ റൈഡർ ബസുകളിലും 34 ലക്ഷം പേർ ദുബൈ മെട്രോ ഉപയോഗിച്ചുമാണ് നഗരിയിലെത്തിയത്. മൂന്നുമാസത്തിൽ വിവിധ ലോകരാജ്യങ്ങളിൽ നിന്ന് 8902 ഭരണാധികാരികൾ വിശ്വമേളക്കെത്തിയിട്ടുണ്ട്. പ്രസിഡൻറുമാർ, മന്ത്രിമാർ, ഭരണത്തലവന്മാർ തുടങ്ങിയ വിവിധ ഉന്നത നേതാക്കൾ ഇതിൽ ഉൾപ്പെടും. എക്സ്പോ സ്കൂൾ പ്രോഗ്രാം വഴി മൂന്നര ലക്ഷത്തോളം കുട്ടികളും മേളക്കെത്തിച്ചേർന്നു. ഇത് യു.എ.ഇയിലെ ആകെ വിദ്യാർഥികളുടെ മൂന്നിലൊന്നാണ്.
ലോകത്താകമാനം കോവിഡ് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ആരോഗ്യ സുരക്ഷക്ക് വലിയ പ്രാധാന്യം നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എക്സ്പോയിലെ എല്ലാ പവലിയനുകളിലെയും ജീവനക്കാർ, വളന്റിയർമാർ, കോൺട്രാക്ടർമാർ തുടങ്ങിയവരെല്ലാം വാക്സിൻ സ്വീകരിക്കണമെന്ന് നിർബന്ധമാണ്. 18 വയസ്സ് പിന്നിട്ട സന്ദർശകർ മേളയിലേക്ക് പ്രവേശിക്കാൻ വാക്സിനേഷൻ പൂർത്തീകരിക്കുകയോ 72 മണിക്കൂറിനിടയിലെ പി.സി.ആർ ഫലം കാണിക്കുകയോ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.