ദുബൈ: ചരിത്രം കുറിച്ച ദുബൈ എക്സ്പോയുടെ ഓർമക്കായി എന്നെന്നും സൂക്ഷിക്കാൻ മഹാമേളയിൽ വിൽപനക്ക് വെച്ചിരുന്ന വസ്തുക്കൾ കുറഞ്ഞ നിരക്കിൽ വിൽപനക്ക്. ടീ ഷർട്ട് മുതൽ ഇവിടെ ഉപയോഗിച്ചിരുന്ന വീൽചെയറുകളും ബഗികളും വരെ വിൽപനക്കുണ്ട്. ദുബൈ ഇൻവെസ്റ്റ്മെന്‍റ് പാർക്കിലെ ടി.വി.ജി വെയർ ഹൗസിലാണ് രണ്ടാഴ്ചത്തെ വിറ്റഴിക്കൽ മേള.
എക്സ്പോ സന്ദർശിക്കുന്നവർക്ക് വാങ്ങുന്നതിനായി മഹാനഗരിയിലെ ചെറിയ ഷോപ്പുകളിൽ നിരവധി വസ്തുക്കൾ വിൽപനക്കുണ്ടായിരുന്നു. എക്സ്പോ പാസ്പോർട്ട്, പേന, നാണയങ്ങൾ, ടി ഷർട്ട്, എക്സ്പോ ലോഗോ, കപ്പ്, തൊപ്പി, പാവകൾ, കീ ചെയിൻ, പുസ്തകങ്ങൾ, വാട്ടർ ബോട്ട്ൽ തുടങ്ങിയവയെല്ലാം ലഭിക്കും. ഇതിനു പുറമെ, എക്സപോയിൽ ഉപയോഗിച്ചിരുന്ന ബഗികൾ, വീൽ ചെയർ, ജീവനക്കാർക്കായി വാങ്ങിയ ഉപയോഗിക്കാത്ത ഷൂ, വിവിധ പവിലിയനുകളെ അലങ്കരിച്ചിരുന്ന വസ്തുക്കൾ എന്നിവയെല്ലാം വിൽപനക്കുണ്ട്. 25 മുതൽ 75 ശതമാനം വരെ ഇളവിലാണ് വിൽപന.
യു.എസ് പവിലിയന്‍റെ ഭാഗമായി ഉപയോഗിച്ചിരുന്ന ആറ് സീറ്റുള്ള ബഗി വിറ്റുപോയത് 28,000 ദിർഹമിനാണ്. 125 ദിർഹമാണ് ഷൂസിന്‍റെ വില. അമേരിക്കൻ പവിലിയനിലുണ്ടായിരുന്ന നക്ഷത്രങ്ങളും വിൽപനക്കുണ്ട്.
999 ദിർഹം മുതൽ 4999 ദിർഹം വരെയാണ് നിരക്ക്. യു.എസ് പവിലിയനിലെ നല്ലൊരു ശതമാനം വസ്തുക്കളും ഇവിടെ വിൽക്കുന്നുണ്ട്. എക്സ്പോയിൽ യു.എസ് പവിലിയൻ കൈകാര്യം ചെയ്തിരുന്നത് ടി.വി.ജി ഗ്രൂപ്പായിരുന്നു. പവിലിയൻ പൊളിച്ചതോടെ ഇവിടെയുള്ള വസ്തുക്കൾ വിൽപനക്കെത്തിക്കുകയായിരുന്നു. പവിലിയനിലുണ്ടായിരുന്ന സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെയും വാഷിങ്ടൺ സ്മാരകത്തിന്‍റെയും തനിപ്പകർപ്പുകളും ഇവിടെ ലഭിക്കും. ഇതിന്‍റെ വില നിശ്ചയിച്ചിട്ടില്ല. എക്സ്പോയിലെ സ്റ്റോറുകളിൽ ടി ഷർട്ടുകളും മറ്റു വസ്ത്രങ്ങളും പ്രദർശിപ്പിച്ചിരുന്ന ബൊമ്മകളും വിൽപനക്കുണ്ട്. 350 മുതൽ 500 ദിർഹം വരെയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.