ദുബൈ: സ്ത്രീകൾക്ക് പൊലീസ് സേനയിൽ കൂടുതൽ അവസരം നൽകുകയെന്ന ലക്ഷ്യത്തോടെ വനിതകൾ മാത്രമുള്ള പ്രത്യേക സായുധ പൊലീസ് ടീമിനെ സജ്ജീകരിച്ച് ദുബൈ പൊലീസ്. സേനയിൽ സ്ത്രീശാക്തീകരണത്തിന് ലക്ഷ്യം വെച്ചുള്ള നടപടിയിൽ താൽപര്യം പ്രകടിപ്പിച്ച വനിതകളെയാണ് പ്രത്യേക പരിശീലനം നടത്തി ടീമിൽ ഉൾപ്പെടുത്തിയത്. സുപ്രധാന സുരക്ഷ ദൗത്യങ്ങൾക്കുവേണ്ടി ഒരുക്കി നിർത്തുന്ന ആയുധ പരിശീലനം നേടിയ വിങ്ങാണിത്.
സ്ത്രീ ഉദ്യോഗസ്ഥരുടെ നേട്ടത്തിൽ വലിയ അഭിമാനമുണ്ടെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. പ്രത്യേക പരിശീലനം നേടുന്നതിലും വെല്ലുവിളികൾ നിറഞ്ഞ കാര്യങ്ങൾ പഠിച്ചെടുക്കുന്നതിലും ടീമംഗങ്ങൾ ആവേശം പ്രകടിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. പുരുഷന്മാർ ആധിപത്യം പുലർത്തുന്ന മേഖലയിൽ നേട്ടംകൊയ്ത് നമ്മുടെ സ്ത്രീ ഉദ്യോഗസ്ഥർ നിലനിൽക്കുന്ന ധാരണകൾ തിരുത്തിയെഴുതി.
ദുബൈ പൊലീസിലെ മുഴുവൻ വകുപ്പുകളിലും സുപ്രധാന പങ്കുവഹിക്കാൻ സ്ത്രീകൾക്ക് കഴിയുന്നുണ്ട്. ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നതിനൊപ്പം അന്താരാഷ്ട്ര, ദേശീയ, പ്രാദേശികതലങ്ങളിൽ സേനയെ പ്രതിനിധാനംചെയ്യുകയും ചെയ്യുന്നു -അദ്ദേഹം വ്യക്തമാക്കി. തോക്കുകളുടെ ഉപയോഗം, ക്രിമിനലുകളെ പിടികൂടുന്നതിന് നടത്തുന്ന പരിശോധനകൾ, യുദ്ധരംഗങ്ങളിലെ കൃത്യമായ ചുവടുകൾ എന്നിവയടക്കം വിവിധ കാര്യങ്ങളിൽ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.