ദുബൈ: നഗരവാസികളിൽ ആരോഗ്യശീലം വളർത്താൻ ലക്ഷ്യമിട്ട് ദുബൈ സർക്കാർ നടത്തുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ എട്ടാമത് എഡിഷന് ഒക്ടോബർ 26ന് തുടക്കമാവും.
ഒരു മാസം നീണ്ടു നിൽക്കുന്ന ചലഞ്ച് നവംബർ 24ന് അവസാനിക്കും. 30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കുകയെന്നതാണ് ചലഞ്ച്. ഒരു മാസക്കാലയളവിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബാൾ, യോഗ, സൈക്ലിങ് തുടങ്ങിയവ ഭാഗമായിരിക്കും.
2017ൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരിപാടിയിലെ ഏറ്റവും ആകർഷകമായ ഒന്നാണ് ദുബൈ റൺ, ദുബൈ റൈഡ് എന്നിവ. കഴിഞ്ഞ വർഷം 24 ലക്ഷം പേരാണ് ഫിറ്റ്നസ് ചലഞ്ചിൽ പങ്കാളികളായത്. നവംബർ 24ന് ശൈഖ് സായിദ് റോഡിലാണ് ദുബൈ റണ്‍. അഞ്ച് കിലോമീറ്റർ, 10 കിലോമീറ്റർ വിഭാഗത്തിലാണ് ദുബൈ റൺ നടക്കുക. 10 കിലോമീറ്റർ ട്രാക്ക് അവസാനിക്കുന്നത്, ഡി.ഐ.എഫ്.സി ഗേറ്റിലായിരിക്കും.
സൂക്ക് അൽ മഹറിലാണ് അഞ്ച് കിലോമീറ്റർ ഓട്ടം അവസാനിക്കുക. നവംബർ 10നാണ് ഡി.പി വേള്‍ഡ് അവതരിപ്പിക്കുന്ന ദുബൈ റൈഡിന്റെ അഞ്ചാം പതിപ്പ്.
മേഖലയിലെ ഏറ്റവും വലിയ കമ്യൂണിറ്റി സൈക്ലിങ് ഇവന്റില്‍ എല്ലാ പ്രായത്തിലുമുള്ള സൈക്ലിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവരും. കഴിഞ്ഞ വർഷം 35,000 പേരാണ് ദുബൈ റൈഡിൽ പങ്കെടുത്തത്. ഹത്ത ഡാം പരിസരത്ത് ആർ.ടി.എ അവതരിപ്പിക്കുന്ന ദുബൈ സ്റ്റാൻഡ് അപ്പ് പാഡ്ൽ നവംബർ രണ്ടിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.