ദുബൈ: ഇന്ന് മുതൽ ദുബൈ ഫ്രെയിമിലേറിയാൽ പുതിയ ദുബൈയും പഴയ ദുബൈയും മാത്രമല്ല രാക്കാഴ്ചകളും ആസ്വദിക്കാം. നഗരത്തിലെ പുത്തൻ വിസ്മയങ്ങളായ ദുബൈ ഫ്രെയിമും ദുബൈ സഫാരിയും ഇന്നു മുതൽ കൂടു തൽ നേരം പ്രവർത്തിക്കും. ദുബൈയിലെ താമസക്കാരുടെയും സഞ്ചാരികളുടെയും ആഗ്രഹം പരിഗണിച്ച് സമയമാറ്റം അംഗീകരിച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നഗരസഭ അറിയിച്ചത്. ദുബൈ ഫ്രെയിം രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു മണിവരെയാണ് പ്രവർത്തിക്കുക. നിലവിൽ രാവിലെ പത്ത് മുതൽ രാത്രി ഏഴു മണി വരെയാണ് പ്രവർത്തനം.
സബീൽ പാർക്ക് ഗേറ്റ് നമ്പർ നാലിലൂടെ പ്രവേശിച്ചാണ് ഫ്രെയിമിലെത്തേണ്ടത്. മുതിർന്നവർക്ക് 50 ഉം മൂന്നിനും 12നും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് 20 ഉം ദിർഹമാണ് ടിക്കറ്റ് നിരക്ക്. മുതിർന്ന പൗരൻമാർക്കും ശാരീരിക വ്യതിയാനമുള്ളവർക്കും അവരുടെ സഹയാത്രികർക്കും സൗജന്യ പ്രവേശനം ലഭിക്കും.
ദുബൈ സഫാരി പാർക്ക് രാവിലെ ഒമ്പതു മുതൽ രാത്രി ഏഴു മണി വരെയാണ് പ്രവർത്തിക്കുക. പ്രവേശന കവാടത്തിനു പുറമെ മൊബൈൽ ആപ്പ് മുഖേനയോ www.dubaisafari.ae വെബ്സൈറ്റ് വഴിയോ ടിക്കറ്റെടുക്കാം.
ദുബൈ സഫാരി പാർക്ക്, സഫാരി വില്ലേജ് എന്നിവിടങ്ങളിലേക്ക് പ്രവേശനത്തിനുള്ള ടിക്കറ്റിന് മുതിർന്നവർക്ക് 85ഉംകുഞ്ഞുങ്ങൾക്ക് 30 ദിർഹവുമാണ് നിരക്ക്. മുതിർന്ന പൗരൻമാർക്കും ശാരീരിക വ്യതിയാനമുള്ളവർക്കും അവരുടെ സഹയാത്രികർക്കും സൗജന്യ പ്രവേശനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.