ദുബൈ: ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി ദുബൈ നഗരം. ഒക്ടോബർ 25 മുതൽ നവംബർ ഏഴുവരെ രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ്, റിടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ്, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വർണാഭമായ വെടിക്കെട്ട്, സ്വർണ സമ്മാനങ്ങൾ, റീട്ടെയ്ൽ പ്രമോഷനുകൾ, തത്സമയ കച്ചേരികൾ, സാംസ്കാരിക പരിപാടികൾ, ഇന്ത്യൻ പലഹാരങ്ങൾ, ഔട്ട് ഡോർ വിപണികൾ തുടങ്ങിയ ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിക്കുന്ന പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഒക്ടോബർ 25 മുതൽ 27 വരെ അൽ സീഫിലാണ് നൂർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി അൽ സീഫിൽ ഒക്ടോബർ 25ന് രാത്രി ഒമ്പത് മണിക്ക് വെടിക്കെട്ട് പ്രദർശിപ്പിക്കും. കവിത പാരായണം, സംഗീത പ്രകടനങ്ങൾ, സ്റ്റാന്റ് അപ് കോമഡി, പെയിന്റിങ്, ഡിസൈൻ വർക്ഷോപ്പുകൾ, പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ തുടങ്ങി 1.8 കിലോമീറ്റർ നീളത്തിലാണ് ഫെസ്റ്റിവൽ സിറ്റി ഒരുക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രമുഖ ജ്വല്ലറികൾ മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
‘ഈ ദീപാവലി തിളങ്ങും’ എന്ന പേരിൽ നടത്തുന്ന കാമ്പയിനിൽ ഒക്ടോബർ 20 മുതൽ നവംബർ ഏഴുവരെ രത്നങ്ങൾ, മുത്തുകൾ എന്നിവയുടെ പർച്ചേസിന് 50 ശതമാനംവരെ ഇളവ് ലഭിക്കും. കൂടാതെ ഔട്ട്ലെറ്റുകളിൽനിന്ന് 500 ദിർഹമിന് പർച്ചേസ് ചെയ്യുന്നവർക്ക് ഒന്നര ലക്ഷം ദിർഹം മൂല്യമുള്ള വൗച്ചറുകൾ സമ്മാനമായി നേടാമെന്ന് ജവഹറ ജ്വല്ലറി ഗ്രൂപ് ചെയർമാനും ഡി.ജെ.ജിയുടെ സ്ഥാപക അംഗവും മുൻ ചെയർമാനുമായ തൗഫിഖ് അബ്ദുല്ല പറഞ്ഞു.
30 വിജയികൾക്ക് 5000 ദിർഹം വിലയുള്ള സ്വർണവും സമ്മാനമായി ലഭിക്കും. ഇത്തവണ മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നതാകും ദുബൈയിലെ ദീപാവലി ഫെസ്റ്റിവൽ എന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.