ദുബൈ: മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ സുസ്ഥിര വളർച്ച കൈവരിച്ച് ദുബൈ. കഴിഞ്ഞ സാമ്പത്തികവർഷം ആദ്യ ഒമ്പതു മാസത്തിനിടെ ജി.ഡി.പിയിൽ 3.3 ശതമാനം വളർച്ചയാണ് ദുബൈ നേടിയത്. താമസ, ഭക്ഷണ, സേവനമേഖലകളിൽ മാത്രം ഒമ്പതു മാസത്തിനിടെ 11.1 ശതമാനം വളർച്ച കൈവരിച്ചു. ഗതാഗത, സംഭരണ മേഖലകളിൽ 10.9 ശതമാനവും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ മേഖലയിൽ 4.4 ശതമാനം വർധനയും നേടി.
റിയൽ എസ്റ്റേറ്റ് മേഖലയിൽ കഴിഞ്ഞ ഒമ്പതു മാസത്തിനിടെ നാലു ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയപ്പോൾ സാമ്പത്തിക, ഇൻഷുറൻസ് മേഖലയിൽ 2.7 ശതമാനം വളർച്ച കൈവരിച്ചു. വിദ്യാഭ്യാസ മേഖലയിൽ 2.6 ശതമാനവും ഇലക്ട്രിസിറ്റി, ഗ്യാസ്, ജലം, മാലിന്യ സംസ്കരണ മേഖലകളിൽ 2.2 ശതമാനത്തിന്റെ വളർച്ചയും രേഖപ്പെടുത്തി. നിർമാണമേഖലയിൽ 2.2 ശതമാനവും പ്രഫഷനൽ സർവിസ് രംഗത്ത് 1.9 ശതമാനവും വളർച്ച കൈവരിച്ചതായി ദുബൈ ഇക്കണോമിക് ഡേറ്റകൾ വ്യക്തമാക്കുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മികച്ച കാഴ്ചപ്പാടുകളും നയങ്ങളുമാണ് സുസ്ഥിര വളർച്ച പ്രതിഫലിപ്പിക്കുന്നതെന്ന് എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.
പൊതു-സ്വകാര്യ മേഖലകൾ ഉൾപ്പെടെ എമിറേറ്റിലെ മുഴുവൻ സ്ഥാപനങ്ങൾക്കിടയിലെയും സഹകരണത്തിന്റെ വിജയമാണിത്. ദുബൈ സാമ്പത്തിക അജണ്ടയുടെ ലക്ഷ്യങ്ങളിലേക്കുള്ള വ്യക്തമായ സൂചനയാണിത് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.