ദുബൈ ഹോസ്പിറ്റൽ പുതിയ കെട്ടിടം തുറന്നു

ദുബൈ: നാലു പതിറ്റാണ്ടോളമായി എമിറേറ്റിലെ ജനങ്ങൾക്ക് ആരോഗ്യസേവനം ചെയ്യുന്ന ദുബൈ ഹോസ്പിറ്റലിന് പുതിയ കെട്ടിടം. 17.7 കോടി ദിർഹം ചെലവിൽ നിർമിച്ച കെട്ടിടം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം നിർവഹിച്ചു.

രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള ആശുപത്രിയുടെ ശേഷി 200 മടങ്ങ് വർധിപ്പിക്കുന്നതാണ് പുതിയ കെട്ടിടമെന്ന് ശൈഖ് ഹംദാൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക എന്നത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ പരിഗണനയിൽ മുന്നിട്ടുനിൽക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ ആർട്ടിഫിഷൽ ഇന്‍റലിജൻസ് അടക്കമുള്ള സംവിധാനങ്ങൾ സംയോജിപ്പിച്ച 128 സ്പെഷലൈസ്ഡ് ക്ലിനിക്കുകൾ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. സമൂഹത്തിന്‍റെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി നൂതന മെഡിക്കൽ സൗകര്യങ്ങളും ഉയർന്ന യോഗ്യതയുള്ള ആരോഗ്യവിദഗ്ധരും സജ്ജമാക്കുന്ന നയത്തിന്‍റെ ഭാഗമായാണ് പുതിയ കെട്ടിടം പണിതത്.

ആകെ 32,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ കെട്ടിടത്തിൽ മുമ്പത്തേക്കാൾ രണ്ടര ഇരട്ടിയിലധികം ക്ലിനിക്കുകളുണ്ട്. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളും ഗ്രീൻ ബിൽഡിങ് മാനദണ്ഡങ്ങളും പാലിച്ചാണ് നിർമിച്ചിരിക്കുന്നത്. മൂന്നു നിലകളിലെ കെട്ടിടത്തിന്‍റെ ഓരോ നിലയിലും റിസപ്ഷൻ, പ്രാഥമിക വിലയിരുത്തൽ മുറി, കൺസൽട്ടേഷൻ മുറി, മെഡിക്കൽ പരിശോധന മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയും പ്രാർഥനാമുറികളും ഒരുക്കിയിട്ടുണ്ട്.

ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) ഡയറക്ടർ ജനറൽ അവദ് സഗീർ അൽ കെത്ബിയുടെ നേതൃത്വത്തിൽ ഡയറക്ടർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രതിനിധിസംഘം ഉദ്ഘാടനച്ചടങ്ങിനെത്തിയ ശൈഖ് ഹംദാനെ സ്വീകരിച്ചു.

പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷം ആശുപത്രിയിൽ ഒരുക്കിയ സേവനങ്ങൾ അദ്ദേഹം പരിശോധിച്ചു. വിവിധ വകുപ്പുകളും സംവിധാനങ്ങളും പരിശോധിച്ച അദ്ദേഹം ജീവനക്കാരോട് സംവദിക്കുകയും ചെയ്തു. ഡി.എച്ച്.എ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് ആശുപത്രിയെന്ന് അവദ് സഗീർ അൽ കെത്ബി പറഞ്ഞു.

Tags:    
News Summary - Dubai Hospital opens new building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.