ദുബൈ: യു.എ.ഇയിൽ നടക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുമ്പ് രാജ്യം വിട്ടാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആമർ കസ്റ്റമർ ഹാപ്പിനെസ് ഡിപ്പാർട്മെന്റ് മേധാവി ലഫ്. കേണൽ സലിം ബിൻ അലിയാണ് ഇക്കാര്യം അറിയിച്ചത്. ഔട്ട്പാസ് ലഭിച്ചവർക്ക് ജോലി അവസരം ലഭിക്കുകയാണെങ്കിൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ അനുമതിയും നൽകും.
അതേസമയം, ഔട്ട്പാസിന്റെ കാലാവധി നീട്ടിയെങ്കിലും തിരക്കേറിയ ശൈത്യകാലത്ത് വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നതിനാൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ വേഗത്തിൽ സ്വദേശത്തേക്ക് മടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഒന്നു മുതലാണ് യു.എ.ഇയിൽ പൊതുമാപ്പ് ആരംഭിച്ചത്. രണ്ടു മാസത്തേക്കാണ് ഈ പദ്ധതിയുടെ കാലയളവ്. ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് അവസരം പ്രയോജനപ്പെടുത്തിയത്.
വിസ നിയമം ലംഘിച്ചവർക്ക് പിഴയില്ലാതെ രാജ്യം വിടാനും രേഖകൾ ശരിയാക്കി പുതിയ വിസയിലേക്ക് മാറാനും കഴിയും. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് യു.എ.ഇയിലേക്ക് തിരികെ വരാനും തടസ്സമില്ല. ഇതുവരെ ആമർ സെന്ററുകൾ വഴി 19,772 നിയമലംഘകർ വിസ നിയമ വിധേയമാക്കിയതായി ജി.ഡി.ആർ.എഫ്.എ അറിയിച്ചു. ദുബൈയിലെ 86 ആമർ സെന്ററുകൾ നിലവിൽ വിസ പുതുക്കൽ, സ്റ്റാറ്റസ് ക്രമീകരണം, എക്സിറ്റ് പെർമിറ്റ്, നഷ്ടപ്പെട്ട രേഖകൾ ശരിയാക്കൽ തുടങ്ങിയ സേവനങ്ങളാണ് നൽകിവരുന്നത്. ആമർ കേന്ദ്രങ്ങൾ വഴി ഇതുവരെ 7,401 പേർക്ക് എക്സിറ്റ് പെർമിറ്റുകൾ നൽകിയതായി ജി.ഡി.ആർ.എഫ്.എ അറിയിച്ചു.
ആമർ സെന്ററുകൾ മുഖേനയോ അല്ലെങ്കിൽ പ്രത്യേക ടീമിന്റെ സഹായത്തോടെയോ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ജി.ഡി.ആർ.എഫ്.എ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. പൊതുമാപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പറായ 8005111ലേക്ക് വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.