ദുബൈ: ഇന്റർനാഷനൽ അറബിക് ലാംഗ്വേജ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10 മുതൽ 12 വരെ ദുബൈയിൽ നടന്ന പത്താമത് രാജ്യാന്തര അറബി ഭാഷ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി പ്രഫസർമാർക്ക് മികച്ച അംഗീകാരം. ഇന്ത്യയിൽനിന്ന് ഭാഷ വകുപ്പ് അധ്യക്ഷന്മാരായി പങ്കെടുത്ത മൂന്നുപേരും മലയാളികളാണ്.
കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും അസമിലെ സിൽചാർ കേന്ദ്ര സർവകലാശാല അറബിക് വിഭാഗം മേധാവിയുമായ ഡോ. കെ. മുഹമ്മദ് ബഷീർ, പട്ടാമ്പി ഗവ. സംസ്കൃത കോളജ് അറബി വിഭാഗം മുൻ മേധാവിയും പട്ടാമ്പി ആമയൂർ എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പലുമായ ഡോ. അബ്ദു പതിയിൽ, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ് റിസർച്ച് ഗൈഡും മഞ്ചേരി കോഓപറേറ്റിവ് കോളജ് പ്രിൻസിപ്പലുമായ ഡോ. കെ. ശൈഖ് മുഹമ്മദ് എന്നിവരാണ് ഈ മൂന്നുപേർ.
85 രാജ്യങ്ങളിൽനിന്നുള്ള 120 പേരാണ് ഈ വിഭാഗത്തിൽ പങ്കെടുത്തത്. അറബി മാഗസിനുകളുടെ പത്രാധിപ വിഭാഗത്തിൽ അൽറൈഹാൻ അറബി മാസികയുടെ പത്രാധിപരും വയനാട് ഡബ്ല്യു.എം.ഒ കോളജ് അസി. പ്രഫസറുമായ യൂസുഫ് നദ് വിയാണ് ഇന്ത്യയിൽനിന്ന് പങ്കെടുത്ത ഏക പത്രാധിപർ. 750ൽപരം ഗവേഷണ പ്രബന്ധങ്ങളിൽനിന്ന് ശൈഖ് സായിദ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട 15 എണ്ണത്തിൽ ഇടം പിടിക്കാനും യൂസുഫ് നദ്വിക്ക് സാധിച്ചു.
കൊല്ലം ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി അറബി പി.ജി വിഭാഗം ചെയർമാൻ ഡോ. ഹുസൈൻ മടവൂർ, ദില്ലി യൂനിവേഴ്സിറ്റി പ്രഫസർ നഈമുൽ ഹസൻ, ന്യൂഡൽഹി ജവഹർലാൽ നെഹ്റു കേന്ദ്ര സർവകലാശാല പ്രഫസർ അജ്മൽ തുടങ്ങി ഇന്ത്യയിൽനിന്ന് പങ്കെടുത്ത ഇരുപത്തിയഞ്ചോളം പേരിൽ 19 പേരും മലയാളികളായിരുന്നു എന്നത് ശ്രദ്ധേയമാണ്. 2100 പേരാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി ഇന്റർനാഷനൽ കോൺഫറൻസിന്റെ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.