തണുപ്പ് കാലത്ത് ദുബൈ ഇൻറർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രത്യേക ചന്തമാണ്. മത്സരങ്ങൾക്കിടയിൽ ഡ്രോൺ കാമറകൾ ഈ സൗന്ദര്യം ഇടക്കിടെ ഒപ്പിയെടുക്കാറുണ്ട്. രാത്രിയിലെ മഞ്ഞും വാഹനങ്ങളുടെ നീണ്ട നിരയും ഉയർന്ന കെട്ടിടങ്ങളും ഇരുട്ടിന് നടുവിലെ ഫ്ലഡ്ലൈറ്റ് വെളിച്ചവും കിളിക്കൂട് പോലെയുള്ള സ്റ്റേഡിയവുമെല്ലാം ഡ്രോൺ കാമറകൾ പകർത്തുന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയൊരുക്കിയിട്ടുണ്ടെങ്കിലും ആദ്യമായി ലോകകപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ദുബൈ സ്റ്റേഡിയം.
2009ലാണ് ഈ ക്രിക്കറ്റ് സ്റ്റേഡിയം നിർമിച്ചത്. കനേഡിയൻ ആർകിടെക്ട് ഔസാം മത്ലൂബിെൻറ നേതൃത്വത്തിൽ ദുബൈ സ്പോർട്സ് സിറ്റിയുടെ ഭാഗമായാണ് സ്റ്റേഡിയം സ്ഥാപിച്ചിരിക്കുന്നത്. 2009 ഏപ്രിൽ 22ന് ആസ്ട്രേലിയയും പാകിസ്താനും തമ്മിലായിരുന്നു ആദ്യ അന്താരാഷ്ട്ര മത്സരം. തീവ്രവാദ ഭീഷണിയുടെ പേരിൽ പലരാജ്യങ്ങളും പാകിസ്താനിൽ കളിക്കാൻ വിസമ്മതിച്ചപ്പോൾ അവരുടെ ഹോം ഗ്രൗണ്ടായി വർത്തിച്ചത് യു.എ.ഇയിലെ സ്റ്റേഡിയങ്ങളായിരുന്നു. ഇത് ദുബൈ സ്റ്റേഡിയത്തിന് ഏറെ ഉപകാരപ്പെട്ടു. പാകിസ്താൻ സൂപർ ലീഗും ഇവിടേക്കെത്തിയത് അങ്ങിനെയാണ്. തൊട്ടടുത്ത വർഷം ദക്ഷിണാഫ്രിക്കയുമായി ആദ്യ ടെസ്റ്റ് മത്സരവും നടന്നു.
2012ലാണ് ട്വൻറി 20 വിരുന്നെത്തിയത്. ആസ്ട്രേലിയയായിരുന്നു എതിരാളികൾ. 2014ൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മൂലം ഐ.പി.എല്ലിെൻറ ആദ്യ ഘട്ടം യു.എ.ഇയിൽ നടത്തി. രണ്ട് വർഷം മുൻപ് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും ദുബൈ വേദിയൊരുക്കി. കഴിഞ്ഞ രണ്ട് സീസൺ ഐ.പി.എൽ വീണ്ടും യു.എ.ഇയെ തേടിയെത്തിയപ്പോൾ ഏറ്റവും കൂടുതൽ മത്സരങ്ങൾക്കും ഫൈനലിനും ആതിഥ്യം വഹിച്ചത് ദുബൈയാണ്. ഫ്ലഡ്ലൈറ്റ് സംവിധാനമാണ് സ്റ്റേഡിയത്തിെൻറ പ്രത്യേകതകളിൽ ഒന്ന്. നാല് മൂലക്കും വലിയ തൂണുകളിൽ സ്ഥാപിക്കുന്ന ഫ്ലഡ്ലൈറ്റുകൾക്ക് പകരം റൂഫ് ടോപ്പിന് മുകളിൽ ഗാലറിക്ക് ചുറ്റും ഘടിപ്പിച്ചിരിക്കുന്ന 350ഓളം ചെറിയ ലൈറ്റുകളാണ് വെളിച്ചം വിതറുന്നത്. താരങ്ങൾക്ക് നിഴലിെൻറ 'ശല്യം' ഒഴിവാക്കാൻ ഇതുവഴി കഴിയുന്നു. ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിന് ആതിഥ്യം വഹിക്കാനുള്ള ഭാഗ്യവും ദുബൈക്ക് ലഭിച്ചു.
ഏറ്റവും ആവേശകരമാകുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് മത്സരങ്ങൾക്ക് ദുബൈ വേദിയൊരുക്കുന്നുണ്ട്. ഒക്ടോബർ 24ന് ഇന്ത്യ- പാക് മത്സരം, നവംബർ 11ന് സെമിഫൈനൽ, 14ന് ഫൈനൽ. ഇന്ത്യയുടെ കൂടുതൽ മത്സരങ്ങളും ദുബൈയിലാണ്. റണ്ണൊഴുകുന്ന പിച്ചാണെങ്കിലും പരിധിവിട്ട് ബാറ്റ്സ്മാൻമാരെ സഹായിക്കാറില്ല. നന്നായി പന്തെറിയുന്ന ബൗളർമാർക്ക് ബാറ്റ്സ്മാനെ പിടിച്ചുകെട്ടാനും കഴിയും. ഐ.പി.എൽ ഫൈനലിൽ ഇത് ലോകം കണ്ടതാണ്. തൊട്ടടുത്ത് തന്നെ ഐ.സി.സി അക്കാദമിയുടെ ഗ്രൗണ്ടുകൾ ഉള്ളതിനാൽ വിവിധ ടീമുകൾക്ക് ഒരേസമയം പരിശീലിക്കാൻ ഇവിടെ അവസരമുണ്ട്.
സ്ഥാപിച്ചത്: 2009
ശേഷി: 25000
അന്താരാഷ്ട്ര ട്വൻറി-20:
ആകെ മത്സരം: 60
കൂടുതൽ റൺസ്: മുഹമ്മദ് ഷഹ്സാദ്: 382
ഉയർന്ന സ്കോർ: കുശാൽ പെരേര: 84
ഉയർന്ന ടോട്ടൽ: 211/3 ശ്രീലങ്ക
കുറഞ്ഞ ടോട്ടൽ: 71
കൂടുതൽ വിക്കറ്റ്: സൊഹൈൽ തൻവീർ: 22
മികച്ച ബൗളിങ്: ഇമാദ് വസീം: 14/5
അവസാന മത്സരം: 2019 നവംബർ 02
മത്സരങ്ങൾ: 34 കൂടുതൽ റൺസ്:
മുഹമ്മദ് ഹഫീസ്: 379
ഉയർന്ന സ്കോർ: മുഷ്ഫിഖുർ റഹീം: 144
ഉയർന്ന ടോട്ടൽ: 355/5 ഇംഗ്ലണ്ട്
കുറഞ്ഞ ടോട്ടൽ: 116: ഹോങ്കോങ്
കൂടുതൽ വിക്കറ്റ്: ഷാഹിദ് അഫ്രീദി: 25
മികച്ച ബൗളിങ്: ഷാഹിദ് അഫ്രീദി: 38/6
അവസാന മത്സരം: 2019 മാർച്ച് 31
ഒക്ടോബർ 23: ഇംഗ്ലണ്ട് Vs വെസ്റ്റിൻഡീസ്
ഒക്ടോബർ 24: ഇന്ത്യ Vs പാകിസ്താൻ
ഒക്ടോബർ 26: ദക്ഷിണാഫ്രിക്ക Vs വെസ്റ്റിൻഡീസ്
ഒക്ടോബർ 29: അഫ്ഗാനിസ്ഥാൻ Vs പാകിസ്താൻ
ഒക്ടോബർ 30: ഇംഗ്ലണ്ട് Vs ആസ്ട്രേലിയ
ഒക്ടോബർ 31: ഇന്ത്യ Vs ന്യൂസിലൻഡ്
നവംബർ 11: രണ്ടാം സെമിഫൈനൽ
നവംബർ 14: ഫൈനൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.