ദുബൈ: വിനോദസഞ്ചാര മേഖലയിൽ ലോകത്തിന്റെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ദുബൈക്ക് വീണ്ടും അംഗീകാരം. അവധിക്കാല ആഘോഷത്തിന് ലോകത്ത് ഏറ്റവും മികച്ച നഗരത്തിനുള്ള അവാർഡ് രണ്ടാം തവണയും നഗരത്തിന് ലഭിച്ചു. ബുധനാഴ്ച പ്രഖ്യാപിച്ച ട്രൈപാഡ്വൈസർ ട്രാവലേഴ്സ് ചോയ്സ് അവാർഡിലാണ് നേട്ടം കൈവരിച്ചത്. 2021നവംബർ 1മുതൽ 2022 ഒക്ടോബർ 31വരെ അവാർഡ് വെബ്സൈറ്റിൽ സമർപ്പിച്ച ലക്ഷക്കണക്കിന് യാത്രികരുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കിയാണ് മികച്ച നഗരത്തിന്റെ തെരഞ്ഞെടുപ്പ് നടന്നത്.
അവാർഡ് നേട്ടം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. വിനോദസഞ്ചാരത്തിനും ബിസിനസിനും ലോകത്തെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി ദുബൈയെ മാറ്റാനുള്ള ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് നേട്ടത്തിൽ പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. ദുബൈ ഇക്കണോമിക് അജണ്ട ഡി33ന്റെ ലക്ഷ്യമനുസരിച്ച് അടുത്ത ദശകത്തിൽ ആഗോള സഞ്ചാരികൾക്കിടയിൽ ഇഷ്ടപ്പെട്ട നഗരമെന്ന പദവി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രൈപാഡ്വൈസർ അവാർഡിൽ ഇന്തോനേഷ്യയിലെ ബാലി, ലണ്ടൻ, റോം, പാരിസ് തുടങ്ങിയ നഗരങ്ങളാണ് ദുബൈക്ക് ശേഷം സ്ഥാനം പിടിച്ചത്. കോവിഡിന് ശേഷം അതിവേഗം ശക്തിപ്പെടുന്ന വിനോദസഞ്ചാര മേഖലയാണ് നേട്ടത്തിന് കാരണമായത്. കഴിഞ്ഞ രണ്ടുവർഷവും യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വലിയ നേട്ടമാണ് ദുബൈ കരസ്ഥമാക്കിയത്. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം ഡേറ്റ പ്രകാരം 2022 ജനുവരി മുതൽ നവംബർ മാസങ്ങളിൽ ദുബൈയിൽ 1.28 കോടി സന്ദർശകർ എത്തിയിട്ടുണ്ട്. മുൻവർഷത്തെ 60 ലക്ഷം മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. സാമ്പത്തിക മേഖലയിലും 2022ൽ ദുബൈ വലിയ നേട്ടമാണ് കൈവരിച്ചത്. ലോകത്തെ നഗരങ്ങളിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാര വരുമാനം ലഭിച്ചത് നഗരത്തിനായിരുന്നു. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ അടുത്തിടെ എമിറേറ്റ് മേഖലാതലത്തിൽ ഒന്നാമതും ആഗോളതലത്തിൽ അഞ്ചാമതും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.