ദുബൈ: എമിറേറ്റിലെ ജനങ്ങളുടെ സാമൂഹികക്ഷേമം ലക്ഷ്യമിട്ട് 20,800 കോടിയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ‘ദുബൈ സോഷ്യൽ അജണ്ട 33’ എന്ന് പേരിട്ട പദ്ധതിയിലൂടെ പത്തു വർഷത്തിനുള്ളിൽ സ്വദേശി കുടുംബങ്ങളുടെ എണ്ണം രണ്ടു മടങ്ങ് വർധിപ്പിക്കുകയാണ് ലക്ഷ്യം.
ദുബൈയുടെ ഭരണം ഏറ്റെടുത്തതിന്റെ വാർഷികദിനമായ ജനുവരി നാലിന് ജനങ്ങളെ അഭിസംബോധന ചെയ്ത് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. ദുബൈ ഭരണാധികാരി എന്ന നിലയിൽ ജനുവരി നാലിന് ഇദ്ദേഹം 18 വർഷം പൂർത്തിയാവുകയാണ്.
‘കുടുംബമാണ് രാജ്യത്തിന്റെ അടിത്തറ’ എന്നതാണ് അജണ്ടയുടെ പ്രമേയം. ജനങ്ങളുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന ആരോഗ്യ പരിരക്ഷ സംവിധാനം കൊണ്ടുവരുക, ഭാവിയിലെ പുത്തൻ സാങ്കേതിക വിദ്യകളും അറിവും ഉപയോഗിച്ച് വിദ്യാർഥികളെ സജ്ജമാക്കുന്ന മികച്ച വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കുക, കുടുംബങ്ങളുടെ സംരക്ഷണം, പരിപാലനം, ശാക്തീകരണം എന്നിവയിൽ ഊന്നിയ സാമൂഹിക വ്യവസ്ഥ കൊണ്ടുവരുക തുടങ്ങിയ സമഗ്ര പദ്ധതികളാണ് അജണ്ട മുന്നോട്ടുവെക്കുന്നത്.
ഇതുപ്രകാരം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച് ഒരു വർഷത്തിനകം എല്ലാ സ്വദേശി കുടുംബങ്ങൾക്കും ഭൂമിയും വായ്പയും അനുവദിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.
ജന്മനാട് എന്നത് വെറും അക്കങ്ങളും ഘടനകളും മാത്രം ചേർന്നതല്ലെന്നും അത് ഒരു കുടുംബവും ഒരു വ്യക്തിയുമാണെന്നും ശൈഖ് മുഹമ്മദ് എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി. വരും കാലത്ത് കുടുംബങ്ങളുടെ സുരക്ഷിതത്വം, ശാക്തീകരണം, വികസനം, കെട്ടുറപ്പ് എന്നിവക്കാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകാനുള്ള സന്ദേശം. സോഷ്യൽ അജണ്ടക്ക് കൃത്യമായ ലക്ഷ്യങ്ങളും പദ്ധതികളും അത് നടപ്പാക്കാനുള്ള ഫണ്ടുകളുമുണ്ട്.
മക്കളായ ഹംദാൻ, മക്തൂം, അഹമ്മദ് എന്നിവരും അവരുടെ സഹോദരങ്ങളും പുതിയ അജണ്ട നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കും. തങ്ങൾ വളർന്നു വലുതായതും സ്നേഹിച്ചതുമായ ദുബൈ കുടുംബത്തെ സംരക്ഷിക്കുന്നതിൽ അവർ അതീവ ശ്രദ്ധാലുക്കളാണ്. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും രക്തത്തിന്റെയും ബന്ധങ്ങളാൽ അവർ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു -ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.