ഫ്രഞ്ച്-ജാപ്പനീസ് കൺസോർട്യം കമ്പനിക്കാണ് 15 വർഷത്തെ ചുമതല
ദുബൈ: ദുബൈ മെട്രോ, ട്രാം സർവിസുകളും നടത്തിപ്പും പരിപാലനവും ഏറ്റെടുത്ത് നടത്തുന്നതിന് അടുത്ത 15 വർഷത്തേക്ക് ഫ്രഞ്ച്-ജാപ്പനീസ് കൺസോർട്യം കമ്പനിക്ക് കരാർ നൽകുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. കിയോലിസ്, മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസ് എൻജിനീയറിങ്, മിത്സുബിഷി കോഓപറേഷൻ എന്നിങ്ങനെ മൂന്ന് കമ്പനികൾ കൺസോർട്യത്തിനാണ് പുതിയ കരാർ. 15 വർഷവും (ഒമ്പത് അടിസ്ഥാന വർഷങ്ങളും ആറ് പുതുക്കാവുന്ന വർഷങ്ങളും) ഉൾക്കൊള്ളുന്നതാണ് പുതിയ കരാർ. പ്രതിവർഷം ഏകദേശം 522 ദശലക്ഷം ദിർഹമാണ് ചെലവ് കണക്കാക്കിയത്.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പുറത്തിറക്കിയ പബ്ലിക് ടെൻഡറിനെ തുടർന്നാണ് കരാർ. റെയിൽ പ്രവർത്തനത്തിലും പരിപാലനത്തിലും മികവുപുലർത്തുന്ന നാല് കൺസോർട്യം, അന്താരാഷ്ട്ര സ്ഥാപനങ്ങൾ ടെൻഡറിൽ പങ്കെടുത്തു. മികച്ച സാങ്കേതിക, സാമ്പത്തിക നിർദേശങ്ങൾ സമർപ്പിച്ചതിനെ തുടർന്നാണ് ഫ്രഞ്ച്-ജാപ്പനീസ് കൺസോർട്യത്തിന് കരാർ ലഭിച്ചത്. യു.കെ ആസ്ഥാനമായുള്ള സെർകോ ഗ്രൂപ് കമ്പനിയുമായുള്ള കരാർ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ കരാർ. 2009ൽ ദുബൈ മെട്രോ പ്രവർത്തനം ആരംഭിച്ചപ്പോൾതന്നെ സെർകോയ്ക്ക് ആയിരുന്നു ചുമതല. തുടക്കത്തിൽ 10 വർഷത്തെ കരാർ നൽകിയ ശേഷം 2019 സെപ്റ്റംബറിൽ കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി.
ആർ.ടി.എക്ക് വേണ്ടി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടർമാരുടെ ചെയർമാൻ ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ തായറും കിയോലിസ് ഗ്രൂപ് സി.ഇ.ഒ മാരി-ഏഞ്ചെ ഡെബോൺ, മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് എൻജിനീയറിങ്ങിലെ നിക്ഷേപ, സേവനങ്ങളുടെ ഡയറക്ടർ അക്കി ഹെയ്കോ നൊസാക്ക, മിത്സുബിഷി കോഓപറേഷൻ ജനറൽ മാനേജർ ടോറു കിമുര എന്നിവരും വിദൂരമായി കരാർ ഒപ്പിട്ടു.
2021 സെപ്റ്റംബർ എട്ടുമുതൽ ദുബൈ മെട്രോ, ട്രാം എന്നിവയുടെ മുഴുവൻ സർവിസുകളും പരിപാലനവും കൺസോർട്യം ഏറ്റെടുക്കും. അതിനുമുമ്പ്, നിലവിലെ ഓപറേറ്ററിൽനിന്ന് പുതിയ ഓപറേറ്ററിലേക്ക് ആസ്തികളും സിസ്റ്റങ്ങളും കൈമാറാനുള്ള തയാറെടുപ്പുകളും നടത്തും. ചുമതലകൾ ഏറ്റെടുക്കാനും നെറ്റ്വർക്ക് ഉപയോക്താക്കൾക്ക് ഉയർന്ന സുരക്ഷാ നില ഉറപ്പുവരുത്താനും കൺസോർട്യം തയാറെടുപ്പ് കാലയളവിൽ നിലവിലെ ഓപറേറ്ററുമായി പൂർണമായി ഏകോപിപ്പിക്കും. തുടർച്ചയായ സുരക്ഷനിരീക്ഷണവും മെട്രോ, ട്രാം സംവിധാനങ്ങളുടെ തുടർച്ചയായ മെച്ചപ്പെടുത്തലും ഈ പ്രക്രിയക്ക് ആവശ്യമാണ്, കൂടാതെ മെട്രോ, ട്രാം, മറ്റ് ഗതാഗത മാർഗങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനം ആവശ്യമാണ്. നിലവിലെ ഓപറേറ്ററിൽനിന്ന് പുതിയ ഓപറേറ്ററിലേക്ക് ജീവനക്കാരെ സുഗമമായി മാറ്റുന്നതും ഇതിന് ആവശ്യമാണെന്ന് മതാർ അൽ തായർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.