ദുൈബ: ദുബൈയുടെ നഗരങ്ങളെ കോർത്തിണക്കി നീണ്ടുനിവർന്നു കിടക്കുന്ന ദുബൈ മെട്രോക്ക് ഇന്ന് 11 വയസ്സ്. 2009 സെപ്റ്റംബർ ഒമ്പതിന് 09.09.09 എന്ന ഫാൻസി തീയതിയിൽ ഓട്ടം തുടങ്ങിയ മെട്രോ ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരുമായി കുതിപ്പ് തുടരുകയാണ്. എക്സ്പോ വേദിയിലേക്കുള്ള പുതിയ സ്റ്റേഷനുകൾ അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. കോവിഡ് കാലത്ത് ലോക്ഡൗൺ വന്നതോടെ ആദ്യമായി മെട്രോയുടെ ഓട്ടം നിർത്തിവെക്കേണ്ടിവന്ന ചരിത്ര വർഷം കൂടിയാണ് കടന്നുപോകുന്നത്. നിയന്ത്രണങ്ങളോടെയാണ് ഇപ്പോൾ മെട്രോയുടെ ഓട്ടം. യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും സർവിസുകൾ പഴയപടി നിലനിർത്തുന്നുണ്ട്.
2009ൽ ജബൽ അലിക്കും റാശിദിയക്കും ഇടയിലായി 29 സ്റ്റേഷനുകളുള്ള റെഡ് ലൈനിലാണ് മെട്രോ ഓടിത്തുടങ്ങിയത്. അന്ന് 52 കിലോമീറ്ററായിരുന്നു ദൈർഘ്യം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 23 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻലൈനിലേക്ക് മെട്രോ വ്യാപിച്ചു.
രാജ്യത്തെ ഏറ്റവും ജനകീയ ഗതാഗത സംവിധാനമാണ് ദുബൈ മെട്രോ. ഗതാഗതക്കുരുക്കില്ലാതെ ചുരുങ്ങിയ ചെലവിൽ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താം എന്നതാണ് മെട്രോ സർവിസിനെ ഇത്രയേറെ ജനകീയമാക്കിയത്. കോവിഡ് വ്യാപനം തടയാൻ കാര്യമായ മുൻകരുതലോടെയാണ് മെട്രോ സർവിസ് നടത്തുന്നത്. അടയാളപ്പെടുത്തിയ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാർ പിഴ അടക്കേണ്ടിവരും. നിൽക്കുന്നവർക്കുപോലും സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. മൂന്നുമാസം മുമ്പ് മൂന്ന് മെട്രോ സ്റ്റേഷനുകൾ പുതിയ പേരിലേക്ക് മാറ്റിയിരുന്നു. ഷറഫ് ഡിജി സ്റ്റേഷൻ മഷ്റഖ് മെട്രോ സ്റ്റേഷനായി പരിണമിച്ചു. ദുബൈയിലെ പ്രമുഖ ബാങ്കായ മഷ്റഖ് ബാങ്കാണ് ഈ സ്റ്റേഷെൻറ പേര് സ്വന്തമാക്കിയത്. പാം ദേര സ്റ്റേഷെൻറ പേര് ഗോൾഡ് സൂഖ് എന്നും നഖീൽ ഹാർബർ ടവർ സ്റ്റേഷെൻറ പേര് ജബൽ അലി എന്നും തിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.