ദുബൈ: എമിറേറ്റിന്റെ വികസന പ്രയാണത്തിൽ നിർണായക പങ്കുവഹിച്ച ദുബൈ മെട്രോക്ക് ഇന്ന് 15ാം പിറന്നാൾ. കഴിഞ്ഞ 15 വർഷത്തിനിടെ 43 ലക്ഷം ട്രിപ്പുകളിലായി 240 കോടി പേരാണ് ദുബൈ മെട്രോയിൽ യാത്ര ചെയ്തത്. 99.7 ശതമാനം കൃത്യനിഷ്ഠ പാലിക്കാനും ദുബൈ മെട്രോക്ക് കഴിഞ്ഞു.
വരും നാളുകളിൽ കൃത്യനിഷ്ഠ നിരക്ക് നൂറിലെത്തിക്കാനാണ് ശ്രമമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. 15ാം പിറന്നാൾ ദിനത്തിൽ ദുബൈ മെട്രോക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു.
‘കൃത്യനിഷ്ഠയെന്നത് ഒരു സംസ്കാരത്തെക്കാൾ അധികമായ ഒന്നാണെന്നും അത് ധർമവും സംസ്കാരത്തിന്റെ കാതലുമാണെന്നും ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. കൃത്യനിഷ്ഠ, ഗുണനിലവാരം, ആഗോളതലത്തിൽ ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള നഗരത്തിന്റെ പ്രതിബദ്ധതക്കുള്ള മികച്ച ഉദാഹരണമാണ് ദുബൈ മെട്രോ.
ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിന് എല്ലാ ദുബൈ മെട്രോ ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.2009 സെപ്റ്റംബർ ഒമ്പതിനാണ് ദുബൈ മെട്രോയുടെ ആദ്യയാത്ര. തുടക്കത്തിൽ യാത്രക്കാരുടെ എണ്ണം പ്രതിദിനം 20,000 ആയിരുന്നു. എന്നാൽ, അതിവേഗം വളർന്ന മെട്രോ 15 വർഷം പിന്നിടുമ്പോൾ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം 7.3 ലക്ഷമായി ഉയർന്നു.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ഒന്നരപ്പതിറ്റാണ്ട് മുമ്പ് മെട്രോയുടെ യാത്ര തുടങ്ങിയതെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിൽ കുറിച്ചത്. ഗുണനിലവാരത്തിന്റെ ധാർമികത, നേതൃഗുണം, മെഗാ പദ്ധതികൾ അതിവേഗം നടപ്പിലാക്കാനുള്ള നേതൃത്വത്തിന്റെ കഴിവ് എന്നിവ പ്രതിഫലിക്കുന്നതാണ് മെട്രോയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര ഗതാഗതത്തിന്റെ ആഗോള മാതൃകയെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള സംരംഭം അവതരിപ്പിച്ച ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ടീമിന് ഹംദാൻ നന്ദി പറഞ്ഞു. 15ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആർ.ടി.എ വൈവിധ്യമാർന്ന പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്റ്റാമ്പ് കലക്ടേഴ്സിനായി 15ാം വാർഷികത്തിൽ ലിമിറ്റഡ് എഡിഷൻ സ്റ്റാമ്പ് പുറത്തിറക്കും. കാമ്പയ്ൻ ലോഗോ പതിച്ച സ്പെഷൽ എഡിഷൻ നോൾ കാർഡും ആർ.ടി.എ പുറത്തിറക്കുന്നുണ്ട്. കൂടാതെ സെപ്റ്റംബർ 21 മുതൽ 27 വരെ മെട്രോ സ്റ്റേഷനുകളിൽ ബ്രാൻഡ് ദുബൈ അവതരിപ്പിക്കുന്ന വ്യത്യസ്ത സംഗീത പരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.