ദുബൈ: ഓർഗാനിക് വസ്തുക്കളുടെ പ്രദർശന മേളയായ മിഡിലീസ്റ്റ് ഓർഗാനിക് ആൻഡ് നാച്വറൽ പ്രൊഡക്ട് എക്സ്പോ 13 മുതൽ 15 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന എക്സ്പോയിൽ 200ഓളം ഉൽപാദകരും വിതരണക്കാരും പങ്കെടുക്കും.
46 രാജ്യങ്ങളിൽനിന്നുള്ള എക്സിബിറ്റർമാർ അവരുടെ പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തും. ഈ മേഖലയിലെ പ്രദേശിക-അന്താരാഷ്ട്ര വിതരണക്കാരും വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിൽ പുതിയ കരാറുകൾക്കും ഇടപാടുകൾക്കും വഴി തെളിയിക്കുന്നതാണ് എക്സ്പോ. വിവിധ സെഷനുകളും നടക്കും. ഓൺലൈനുമായി ബന്ധപ്പെടുത്തിയാണ് എക്സ്പോ നടക്കുന്നത്.
ഓൺലൈൻ-ഓഫ്ലൈൻ സമ്മിശ്ര നയത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇടപാടുകാരെ ബന്ധപ്പെടുത്താൻ കഴിഞ്ഞെന്നും അവരുടെ നേരിട്ടുള്ള കൂടിക്കാഴ്ചയുടെ വേദികൂടിയാണ് ഓർഗാനിക് എക്സ്പോയെന്നും എക്സിബിഷൻ ഡയറക്ടർ ഷിനു പിള്ളൈ പറഞ്ഞു. ഇന്ത്യ, പാകിസ്താൻ, ഗ്രീസ്, അർമേനിയ, ഇറാൻ, റഷ്യ, തുർക്കി, പോളണ്ട്, ഇറ്റലി, ബറുണ്ടി, റുവാണ്ട, കെനിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവർ പ്രദർശനവുമായെത്തും.
ഫുഡ് ആൻഡ് ബിവറേജസ്, ബ്യൂട്ടി ആൻഡ് കോസ്മറ്റിക്സ്, ഹെൽത്ത് ആൻഡ് വെൽനസ്, ലിവിങ് ആൻഡ് എൻവയോൺമെന്റ് എന്നീ മേഖലകളിലായി തിരിച്ചാണ് എക്സിബിഷൻ. പരിപാടിയോടനുബന്ധിച്ച് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ട്രഡീഷനൽ കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റിവ് മെഡിസിൻ കോൺഫറൻസും നടക്കും. ഈ മേഖലയിലെ 20ഓളം പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.