ദുബൈ: സൂപ്പർ ലക്ഷ്വറി കാറുകൾമുതൽ കുറ്റകൃത്യങ്ങൾ നേരിടാനുള്ള ദുബൈ പൊലീസിന്‍റെ ഏറ്റവും നൂതനമായ സംവിധാനങ്ങൾവരെ പ്രദർശനത്തിനൊരുക്കുന്ന ദുബൈ പൊലീസ് കാർണിവലിന് വ്യാഴാഴ്ച തുടക്കമാവും. സിറ്റി വാൾക്കിൽ ഈ മാസം ഏഴുവരെ നടക്കുന്ന കാർണിവലിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.
ബെൻസ് മുതൽ ബി.എം.ഡബ്ല്യുവരെയുള്ള പൊലീസ് സേനയുടെ സൂപ്പർ കാറുകളുടെ പ്രദർശനം, മാർച്ചിങ് ബാൻഡ്സ്, കുതിരപ്പടയുടെ പരേഡ്, ശ്വാനപ്രദർശനം എന്നിവക്കൊപ്പം ദുബൈ പൊലീസിന്‍റെ മ്യൂസിക്കൽ ബാൻഡും കാർണിവലിൽ സജ്ജമാക്കുന്നുണ്ട്. കൂടാതെ ദുബൈ പൊലീസിന്‍റെ ഏറ്റവും പുതിയ പദ്ധതികളും കാർണിവലിൽ പ്രഖ്യാപിക്കും.
പൊലീസ് സേനയുടെ സംഗീതവിരുന്ന് കാർണിവലിന് ആഘോഷാന്തരീക്ഷം സൃഷ്ടിക്കും. ഏറ്റവും മികച്ച പരിശീലനം നേടിയ ശ്വാനസേനയുടെ പ്രദർശനത്തോടൊപ്പം കുതിരപ്പടയുടെ പരേഡും കാഴ്ചക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതാണ്. സൂപ്പർ കാറുകൾക്കൊപ്പംനിന്ന് സെൽഫിയെടുക്കാനും സന്ദർശകർക്ക് അവസരം ലഭിക്കും.
സൂപ്പർ കാറുകളുടെ വേഗവും രൂപഭംഗിയും പ്രദർശിപ്പിക്കുന്ന പൊലീസ് ഡ്രൈവർമാരുടെ അഭ്യാസപ്രകടനവും നടക്കും. കാർണിവലിന്‍റെ അവസാന ദിനമായ ജനുവരി ഏഴിനാണ് കുതിരപ്പടയുടെ പരേഡ്, മാർച്ചിങ് ബാൻഡ്സ്, സൂപ്പർ കാറുകളുടെ പ്രദർശനം എന്നിവ അരങ്ങേറുക.
കൊക്കകോള അരീനയിൽനിന്ന് രാത്രി 7.30ന് ആരംഭിക്കുന്ന പരേഡ് ഹാപ്പിനസ് സ്ട്രീറ്റുകളിലൂടെയായിരിക്കും മുന്നോട്ടുപോകുക. എസ്.ഡബ്ല്യു.എ.ഡി വാഹനങ്ങൾ, ക്ലാസിക് കാറുകൾ, വി.ഐ സുരക്ഷക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവക്കൊപ്പം 150 പൊലീസ് കാഡറ്റുകളും പരേഡിന്‍റെ ഭാഗമാകും.
യുവ ഫോറൻസിക് ശാസ്ത്രജ്ഞർ, കുറ്റാന്വേഷകർ, നീതിക്കുവേണ്ടി നിലകൊള്ളുന്നവർ എന്നിവർക്ക് ഭാവിയിലെ പൊലീസിങ് സംവിധാനങ്ങളെ നിർവചിക്കുന്ന ഹൈടെക് ഉപകരണങ്ങളെയും സാങ്കേതികവിദ്യകളെയും പരിചയപ്പെടാനും അടുത്തറിയാനുമുള്ള അവസരമാണ് ദുബൈ കാർണിവൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.