ദുബൈ: ശക്തമായ തിരയിലകപ്പെട്ട് കടൽഭിത്തിയിൽ ഇടിക്കാനായി നീങ്ങിയ ബോട്ടിൽനിന്ന് ഉടമയെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ദുബൈ തുറമുഖ പൊലീസ് സ്റ്റേഷന് കീഴിലെ മറൈൻ റെസ്ക്യൂ ആൻഡ് മാരിടൈം സെക്യൂരിറ്റി ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദുബൈ വേൾഡ് ഐലൻഡിലായിരുന്നു അപകടം.
വൈകീട്ടോടെയാണ് കടൽ ഭിത്തിക്കടുത്ത് ബോട്ട് തകരാറിലായതെന്ന് രക്ഷപ്പെട്ടയാൾ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ടതോടെ തിരമാല ബോട്ടിനെ അതിവേഗത്തിൽ കടൽഭിത്തിയിലേക്കടുപ്പിക്കുകയായിരുന്നു. ബോട്ട് ഭിത്തിയിൽ ഇടിച്ച് തകരുമെന്ന ഘട്ടത്തിലാണ് ദുബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് സഹായത്തിന് അഭ്യർഥിച്ചത്. ദ്രുതഗതിയിൽ എത്തിയ റെസ്ക്യൂ ടീം ബോട്ടിനെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനായി ദുബൈ പൊലീസിന്റെ ‘സെയിൽ സേഫ്ലി’ സേവന ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് ബോട്ടുടമകളോട് അധികൃതർ അഭ്യർഥിച്ചു. സഹായത്തിനായി ദുബൈ പൊലീസ് കമാൻഡ് ആൻഡ് കൺട്രോളിന്റെ 999 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.