ദുബൈ: എമിറേറ്റിലെ സുപ്രധാന മേഖലകളിൽ വില്ലകളുടെ വിലയും വിൽപനയും ജൂണിലും കുതിപ്പ് തുടരുന്നു. ജൂൺ വരെ ഈ വർഷം റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ 10 ശതമാനം വർധനയുണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്.

അപാർട്മെന്റ് വില ഒമ്പത് ശതമാനവും വില്ല വിലയിൽ 19 ശതമാനവുമാണ് ശരാശരിയേക്കാൾ വർധിച്ചതെന്ന് ദുബൈ വിപണി സംബന്ധിച്ച സി.ബി.ആർ.ഇ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിമാസം, ദുബൈയിലുടനീളം അപ്പാർട്ട്‌മെൻറ് വിലകൾ 0.1 ശതമാനം ഉയർന്നപ്പോൾ വില്ല വില ഒരു ശതമാനത്തിലധികമാണ് ഉയർന്നിരിക്കുന്നത്.

ഈ വർഷം നടന്ന ആകെ ഇടപാടുകളിലും ഏറ്റവും ഉയർന്ന നിലയിലേക്കാണ് കുതിക്കുന്നത്. ജൂൺ വരെ 38,901 ഇടപാടുകളാണ് നടന്നത്. 2009ന് ശേഷം ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്ന വർഷമാണിത്. പലിശ നിരക്കിൽ വർധനവുണ്ടായിട്ടും ലോൺ രീതിയിലെ ഇടപാടുകളിലും മാറ്റമുണ്ടായിട്ടില്ല. ആഗോള സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളും പണപ്പെരുപ്പവും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലാണ് ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി തളർച്ചയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതെ മുന്നോട്ടുപോകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷം ശരാശരി ഇടപാട് വില ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പാം ജുമൈറ, എമിറേറ്റ്‌സ് ഹിൽസ്, ഡിസ്ട്രിക്റ്റ് വൺ, ദുബൈ ഹിൽസ് എന്നിവിടങ്ങളിൽ പ്രതിമാസം നാലുശതമാനത്തിലധികം വർധന രേഖപ്പെടുത്തിയത്. പാം ജുമൈറക്ക് മുമ്പത്തെ മാസത്തെ അപേക്ഷിച്ച് ഏകദേശം അഞ്ചുശതമാനം വർധനവുണ്ടായ മൂന്നാമത്തെ മാസമാണ് ജൂൺ. ഇവിടേക്ക് ആവശ്യക്കാർ വർധിച്ചതാണ് കാരണമായി പറയുന്നത്. വില്ലകൾക്ക് ചതുരശ്ര അടിക്ക് ഏറ്റവും ഉയർന്ന വില പാം ജുമൈറയിലാണ്. അപ്പാർട്ട്‌മെന്‍റ് വിഭാഗത്തിൽ ദുബൈ സിലിക്കൺ ഒയാസിസ് ജൂണിൽ 3.6 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ ജബൽ അലി 4ശതമാനം വർധന രേഖപ്പെടുത്തി.

ഈ വർഷം ആദ്യത്തിൽ പാംജുമൈറയിലെ ഒരു വില്ല 28കോടി ദിർഹമിനാണ് വിറ്റത് ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. 30കോടിയുടെ വിൽപന വരെ ഒരു വില്ലക്ക് നടക്കാവുന്ന സാഹചര്യവും നിലവിലുണ്ടെന്ന് വിപണിയെ നിരീക്ഷിക്കുന്നവർ വിലയിരുത്തുന്നു.

ഗോൾഡൻ വിസയടക്കമുള്ള പുതിയ റെസിഡൻസ് സംവിധാനങ്ങളും കോവിഡിനെ ശരിയായ രീതിയിൽ നേരിടാൻ കഴിഞ്ഞതും റിയൽ എസ്റ്റേറ്റ് വിപണിയെ ഉത്തേജിപ്പിച്ച ഘടകങ്ങളാണ്. നിക്ഷേപകരുടെയും ബിസിനസുകാരുടെയും ഇഷ്ട നഗരമായി ദുബൈ മാറിയതും അനുകൂല ഘടകമായി. വരും മാസങ്ങളിലും ഈ മേഖലയിൽ വറധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags:    
News Summary - Dubai real estate boom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT