ദുബൈ: ലോകകപ്പിന് ആവേശംവിതറാൻ ദുബൈ ഒരുക്കിയ സൂപ്പർ കപ്പിന്റെ ആദ്യസീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സനൽ ചാമ്പ്യൻമാരായി. ടൂർണമെന്റിൽ ഒരു മത്സരം കൂടി അവശേഷിക്കവെയാണ് പോയന്റ് പട്ടികയിൽ എതിരില്ലാതെ മുന്നിലെത്തി ആഴ്സനൽ കിരീടം സ്വന്തമാക്കിയത്. ദുബൈ ആൽ മക്തൂം സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ എ.സി. മിലാനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയിരുന്നു. ഇതിന് പുറമെ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിലും ജയിച്ചതോടെയാണ് ആഴ്സനൽ എട്ട് പോയന്റുമായി കിരീടമുറപ്പിച്ചത്.
ഓരോ ടീമിനും രണ്ട് മത്സരം വീതമാണുള്ളത്. ഇതിന് പുറമെ എല്ലാ മത്സരങ്ങൾക്ക് ശേഷവും പെനാൽറ്റി ഷൂട്ടൗട്ടുമുണ്ടാകും. ആദ്യമത്സരത്തിൽ എ.സി. മിലാനെ എതിരില്ലാത്ത മൂന്ന് ഗോളിന് ആഴ്സനൽ തോൽപിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലും ആഴ്സനൽ വിജയം കണ്ടെത്തിയതോടെ ആദ്യ മത്സരത്തിൽതന്നെ നാല് പോയന്റ് സ്വന്തമാക്കി. എന്നാൽ, ലിയോണിനോട് ലിവർപൂൾ 3-1ന് പരാജയപ്പെട്ടതോടെ ആഴ്സനലിന്റെ വഴി എളുപ്പമാവുകയായിരുന്നു. ഡിസംബർ 16ന് നടക്കുന്ന എ.സി. മിലാൻ - ലിവർപൂൾ മത്സരത്തിൽ ആര് ജയിച്ചാലും ഗണ്ണേഴ്സിനെ മറികടക്കാൻ കഴിയില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ആഴ്സനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.