ദുബൈ: ഇന്ത്യയിൽ നടന്നുവന്നിരുന്ന പ്രശസ്തമായ ഉർദു സാഹിത്യോത്സവം ‘ജഷ്നെ രേഖ്ത’ക്ക് ഇത്തവണ ദുബൈ വേദിയാകും. ജനുവരി 27,28 തീയതികളിൽ സഅബീൽ പാർക്കാണ് ലോകത്തെ ഏറ്റവും വലിയ ഉർദു ഭാഷാ ഉത്സവത്തിന് വേദിയാകുന്നത്. ഉർദു സാഹിത്യ ലോകത്തെ പ്രധാനികൾ ഒത്തുചേരുന്ന സംഗമത്തിൽ കവിതാവതരണം, ടോക്ഷോകൾ, ഗസൽ അവതരണം, സ്റ്റോറി ടെല്ലിങ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും.
ഉർദു ഭാഷയുടെ പ്രാധാന്യവും വിവിധ സംസ്കാരങ്ങളുമായുള്ള ബന്ധവും വിശദീകരിക്കുന്ന സംസാരങ്ങൾ ചടങ്ങിലുണ്ടാകും. പ്രശസ്ത ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ, പാകിസ്താനി മനുഷ്യാവകാശ പ്രവർത്തകൻ അർഫ സഈദ സഹ്റ, പാകിസ്താനി നടി മാഹിറ ഖാൻ എന്നിവരടക്കം പ്രമുഖർ പരിപാടിയിൽ അതിഥികളായി പങ്കെടുക്കുന്നുണ്ട്. 2019ൽ ദുബൈയിൽ ‘ജഷ്നെ രേഖ്ത’ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നു.
എന്നാൽ, ചില കാരണങ്ങളാൽ അവസാന നിമിഷം റദ്ദാക്കേണ്ടിവരുകയായിരുന്നു. 2015ലാണ് ആദ്യമായി ഫെസ്റ്റിവൽ ന്യൂഡൽഹിയിൽ അരങ്ങേറിയത്. വൻകിട പരിപാടികളുടെ ആഗോള കേന്ദ്രമെന്ന നിലയിലാണ് പരിപാടി ദുബൈയിലെത്തിക്കുന്നതെന്ന് സംഘാടകരായ രേഖ്ത ഫൗണ്ടേഷൻ സ്ഥാപകൻ സൻജീവ് ശറഫ് പറഞ്ഞു. ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ളവരടക്കം 15,000പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.