ദുബൈ: മഹാമാരികാലത്ത് സർക്കാർ സ്വീകരിച്ച നയങ്ങളിലൂടെയും എക്സ്പോയിലൂടെയും ദുബൈ കോവിഡിന് മുമ്പത്തെ വളർച്ചയിലേക്ക് തിരിച്ചെത്തിയതായി ലോക ബാങ്ക്. ഏറ്റവും പുതിയ ത്രൈമാസ ഡേറ്റ അനുസരിച്ച് ബഹ്റൈനും ദുബൈയും പഴയ വളർച്ചയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2021ലെ രണ്ടാം ത്രൈമാസ റിപ്പോർട്ടിലേതിനേക്കാൾ വലിയ മുന്നേറ്റമാണ് ദുബൈ നേടിയിട്ടുള്ളത് -ലോക ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വർഷം ഒക്ടോബറിൽ ദുബൈയുടെ എണ്ണ ഇതര സമ്പദ്വ്യവസ്ഥ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച പുരോഗതി രേഖപ്പെടുത്തിയതായും എക്സ്പോ 2020 കാരണം വിനോദസഞ്ചാര മേഖലയിൽ പുനരുജ്ജീവനമുണ്ടായതായും പർചേഴ്സിങ് മാനേജേഴ്സ് സൂചികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എക്സ്പോയാണ് വിനോദസഞ്ചാര മേഖലയിലും ഹോട്ടൽ രംഗത്തും വലിയ മുന്നേറ്റത്തിന് കാരണമായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വലിയ രീതിയിൽ സന്ദർശകർ എക്സ്പോയിൽ എത്തിച്ചേർന്നത് സാമ്പത്തികരംഗത്തെ സമഗ്രമായി സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സാമ്പത്തിക മേഖലയിലുണ്ടായ തിരിച്ചടി മറികടക്കാൻ സഹായിക്കുന്ന രീതിയിലാണ് വളർച്ച രേഖപ്പെടുത്തിയത്. റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഏവിയേഷൻ തുടങ്ങിയ മേഖലകളിലാണ് വലിയ വളർച്ച ദുബൈ കൈവരിച്ചത്. യു.എ.ഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനം ഈ വർഷം 2.7 ശതമാനം വളർച്ച കൈവരിക്കുമെന്നും ലോക ബാങ്ക് റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു. ഗൾഫ് മേഖലയിലെ ശരാശരി വളർച്ചയേക്കാൾ കൂടുതലാണിത്.
ഗൾഫ് മേഖലയിലെ രാജ്യങ്ങൾ മഹാമാരിയിലും പിടിച്ചുനിന്നത് എണ്ണ വിലവർധന കൊണ്ടും മികച്ചരീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞതിലുമാണെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നുണ്ട്. യാത്രവിലക്ക് നീങ്ങിയതോടെ ടൂറിസം മേഖലയിലുണ്ടായ ഉണർവ് ഒമാൻ, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഗുണകരമായിട്ടുണ്ട് -റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.