ദുബൈ: ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ ദുബൈയുടെ ജി.ഡി.പി 4.6 ശതമാനം വളർന്ന് 307.5 ബില്യൺ ദിർഹമിലെത്തി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്.എല്ലാ മേഖലകളിലും ആഗോള തലത്തിൽ ദുബൈയെ ഒന്നാമതാക്കി മാറ്റാൻ ലക്ഷ്യമിട്ട് വിവിധ സ്ഥാപനങ്ങൾ കൂട്ടായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് അസാധാരണ പ്രകടനമെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.
പ്രാദേശിക-അന്തർദേശീയ സ്വകാര്യ മേഖലയുമായുള്ള ശക്തമായ പങ്കാളിത്തം വിവിധ അന്താരാഷ്ട്ര മത്സര സൂചകങ്ങളിൽ മുൻപന്തിയിൽ ദുബൈയുടെ സ്ഥാനം നിലനിർത്തുന്നതിന് സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം ജനുവരി-സെപ്റ്റംബർ കാലയളവിൽ ദുബൈയുടെ ജി.ഡി.പിയുടെ മൊത്ത, ചില്ലറ വ്യാപാരം 24.1 ശതമാനമാണെന്ന് ദുബൈ ഡിജിറ്റൽ അതോറിറ്റിയുടെ ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ കണക്കുകൾ പ്രകാരം മൊത്ത, ചില്ലറ വ്യാപാരമാണ് എമിറേറ്റിലെ സാമ്പത്തിക മേഖലക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നത്. കോവിഡിന് ശേഷം ഏറ്റവും ശക്തമായ രീതിയിലാണ് ദുബൈയുടെ സാമ്പത്തിക മേഖല തിരിച്ചുവരുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.സർക്കാർ ബിസിനസ് മേഖലയെ സഹായിക്കുന്നതിന് സ്വീകരിച്ച നടപടികളും എക്സ്പോ-2020 ദുബൈ മേളയും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന് ഏറെ സഹായിച്ചിട്ടുണ്ട്.
അടുത്ത മൂന്നുവർഷത്തെ ദുബൈ ബജറ്റിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദിവസങ്ങൾക്ക് മുമ്പ് അംഗീകാരം നൽകിയിരുന്നു. 2023-2025 വർഷത്തെ ബജറ്റിൽ 205 ബില്യൺ ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.അടുത്ത വർഷത്തെ ബജറ്റിൽ 67.5 ശതകോടി ദിർഹം ചെലവും 69 ശതകോടി ദിർഹം വരുമാനവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.