ദുബൈ: കോവിഡിനെ അതിജീവിച്ച ദുബൈയുടെ കഥ ഇനി സ്ക്രീനിൽ കാണാം. ദുബൈ മീഡിയ ഓഫിസാണ് രണ്ട് എപ്പിസോഡുള്ള ഡോക്യുമെന്ററി നിർമിക്കുന്നത്. ഡിസ്കവറി ചാനലുമായി സഹകരിച്ച് ഒരുക്കുന്ന ഡോക്യുമെന്ററിക്ക് 45 മിനിറ്റ് ദൈർഘ്യമുണ്ടാകും. ദുബൈയുടെ കോവിഡ് പ്രതിരോധ നടപടികൾ ലോകത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജനങ്ങളുടെ ഭക്ഷണലഭ്യതയെ ബാധിക്കാത്തവിധം ലോക്ഡൗൺ ഏർപ്പെടുത്തുകയും രാത്രി അണുനശീകരണം നടത്തുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൃത്യസമയങ്ങളിൽ അടച്ചുപൂട്ടുകയും ഓൺലൈൻ പഠനം ഏർപ്പെടുത്തുകയും ചെയ്തു.
ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടലാണ് യു.എ.ഇയിൽ മരണസംഖ്യ കുറച്ചത്. ആശങ്കപ്പെടുത്തുംവിധം രോഗികളുടെ എണ്ണവും മരണവും കൂടിയപ്പോൾ കൂടുതൽ ആരോഗ്യസംവിധാനങ്ങളൊരുക്കുകയും സ്വകാര്യ ആശുപത്രികൾ കോവിഡ് സെന്ററുകളാക്കി മാറ്റുകയും ചെയ്തു. ദുബൈ ഭരണകൂടമെടുത്ത നടപടികൾ, ആരോഗ്യമേഖലയിൽ കൊണ്ടുവന്ന സംവിധാനങ്ങൾ തുടങ്ങി കോവിഡിനൊപ്പം ന്യൂ നോർമൽ കാലത്ത് ജീവിക്കാൻ തയാറെടുത്ത ദുബൈ നിവാസികളുടെ അനുഭവ കഥകൾ എന്നിവ ഡോക്യുമെന്ററിയുടെ ഭാഗമായിരിക്കും.
ലോകം മുഴുവൻ കോവിഡിനെ പ്രതിരോധിക്കാൻ സംവിധാനമൊരുക്കിയപ്പോൾ ഏറ്റവും ഫലപ്രദമായി അത് നിർവഹിച്ച നഗരമാണ് ദുബൈയെന്ന് ഡിസ്കവറി ചാനൽ സീനിയർ വൈസ് പ്രസിഡന്റ് ലീ ഹോബ്സ് ചൂണ്ടിക്കാട്ടി. ഡോക്യുമെന്ററി മേയ് ഏഴിനും 14നും രാത്രി 10ന് ഡിസ്കവറി ചാനൽ സംപ്രേഷണം ചെയ്യും. പിന്നീട് ഡിസ്കവറി പ്ലസ്, ജാവി ടിവി, സ്റ്റാർസ് പ്ലേ എന്നീ ചാനലുകളിലും ഇത് കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.