ദുബൈ: ഡ്രൈവറില്ലാ കാറുകൾ തെരുവിലിറക്കുന്നതിന് മുന്നോടിയായി ഡിജിറ്റൽ മാപ്പിങ് ആരംഭിച്ചു. ഇതിനായി രണ്ട് ഇലക്ട്രിക് കാറുകളാണ് നഗരത്തിലെ പാതകളിൽ സഞ്ചരിക്കുന്നത്. യു.എസ് കമ്പനിയായ 'ക്രൂസു'മായി സഹകരിച്ച് ദുബൈ റോഡ് ഗതാഗത വകുപ്പാ(ആർ.ടി.എ)ണ് പദ്ധതി നടപ്പിലാക്കുന്നത്. ഷെവ്റലെ ബോൾട്ടിന്റെ രണ്ട് ഇ-കാറുകളാണ് മാപ്പിങ്ങിന് ഉപയോഗിക്കുന്നത്.
പ്രത്യേക ഡ്രൈവർമാരെ ഉപയോഗിച്ച് ജുമൈറ മേഖലയിലാണ് ആദ്യഘട്ടത്തിൽ ഈ കാറുകൾ മാപ്പിങ് നടത്തുക. പിന്നീട് ദുബൈയിലെ മറ്റു റോഡുകളിലും സഞ്ചരിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കും. ഇതായിരിക്കും അടുത്ത വർഷം നിരത്തിലിറങ്ങുന്ന ൈരഡ്രൈവറില്ലാ കാറുകളിൽ ഉപയോഗപ്പെടുത്തുക. ഗൂഗ്ൾ മാപ്പ് തയാറാക്കുന്ന രൂപത്തിൽ ഓട്ടോണമസ് കാറുകൾക്ക് ശരിയായ ദിശ നിർണയിക്കാൻ കഴിയുന്ന ഡിജിറ്റൽ മാപ്പാണ് തയാറാക്കുന്നത്.
അടുത്ത വർഷം മുതൽ നിശ്ചിത എണ്ണം ഡ്രൈവറില്ലാ വാഹനങ്ങൾ നഗരത്തിൽ പുറത്തിറക്കാനാണ് പദ്ധയെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്വാർ അൽ തായർ പറഞ്ഞു. മികച്ച അന്തർദേശീയ മാനദണ്ഡങ്ങൾ പ്രകാരം മാപ്പ് തയാറാക്കി അതനുസരിച്ച് യാത്രയുടെ റൂട്ട് രൂപകൽപന ചെയ്യാനാണ് പദ്ധതി. ഭാവിയിൽ ദുബൈയിലെ ഗതാഗത സംവിധാനത്തിന്റെ ഗണ്യമായ പങ്ക് ഈ മേഖലയിലേക്ക് മാറ്റാനാണ് അധികൃതർ ആലോചിക്കുന്നത്.
2030ഓടെ എമിറേറ്റിന്റെ 25 ശതമാനം യാത്രകൾ ഡ്രൈവറില്ലാ വാഹനത്തിലാക്കുക എന്ന ലക്ഷ്യമാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷമാണ് യു.എസ് കമ്പനിയായ ക്രൂസുമായി റോബോടാക്സികൾ നിരത്തിലിറക്കാൻ പങ്കാളിത്ത കരാറിലെത്തിയത്. അതേസമയം, അബൂദബിയിൽ കഴിഞ്ഞ നവംബറിൽ ഇത്തരം ടാക്സികളുടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. യാസ് ഐലന്റിൽ നടന്ന പരീക്ഷണയോട്ടത്തിനുശേഷം അബൂദബി നഗരത്തിലെ വിവിധ നിരത്തുകളിൽ ഈ വർഷം 10ഡ്രൈവറില്ലാ കാറുകൾ പുറത്തിറക്കുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.