ദുബൈ: പ്രത്യാശയുടെ സന്ദേശം പകർന്ന് പ്രവാസ ലോകത്തും ഈസ്റ്റർ ആഘോഷിച്ചു. കുരിശിലേറ്റിയ ക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കി യു.എ.ഇയിലെ ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകളും പാതിരാ കുർബാനയും നടന്നു. വിവിധ പള്ളികളിൽ ഉയിർപ്പ് പ്രഖ്യാപനവും ദേവാലയത്തിന് പുറത്ത് പ്രദക്ഷിണവും നടന്നു. ലോകത്തിന് സമാധാനമുണ്ടാകട്ടെയെന്ന് പള്ളികളുടെ പിതാക്കൻമാർ ആശംസ നേർന്നു.
ശനിയാഴ്ച വൈകീട്ട് മുതൽ വിവിധ പള്ളികളിൽ ഈസ്റ്റർ ശുശ്രൂഷകൾ നടക്കുന്നുണ്ടായിരുന്നു. യു.എ.ഇയിൽ ഞായറാഴ്ച പൊതു അവധി ആയതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു. മുൻവർഷങ്ങളിൽ ഞായറാഴ്ച പ്രവൃത്തിദിനമായിരുന്നതിനാൽ പാതിരാ കുർബാനയിൽ മാത്രമായിരുന്നു പലരും പങ്കെടുത്തിരുന്നത്. പള്ളികൾക്ക് പുറമെ പൊതുസ്ഥലങ്ങളിലും ഈസ്റ്റർ ആഘോഷവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറി.
ദുബൈ സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേ നിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. ഇടവക വികാരി ഫാ. ബിനീഷ് ബാബു, സഹ വികാരി ഫാ. ജാക്സൺ എം. ജോൺ, ഫാ. ഈശോ ഫിലിപ് എന്നിവർ സഹ കാർമികരായി. ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. ഷാർജ സെന്റ് മേരീസ് യാക്കോബായ സിറിയൻ സൂനൊറോ പാത്രിയാർക്കൽ കത്തീഡ്രലിൽ എബിൻ ഊമേലിൽ, ഫാ. എൽദോസ് കാവാട്ട്, ഫാ. ഏലിയാസ് മാത്യു എന്നിവർ നേതൃത്വം നല്കി. അബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രാർഥനാ ശുശ്രൂഷകൾക്ക് കത്തീഡ്രൽ വികാരി എൽദോ എം. പോൾ, സഹവികാരി മാത്യു ജോൺ, തോമസ് മുട്ടുവേലിൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവർ നേതൃത്വം നൽകി.
അബൂദബി സെൻറ് സ്റ്റീഫൻ യാക്കോബായ സുറിയാനി പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് ഫാ. ടിജു വർഗീസ് മുഖ്യ കാർമികത്വം വഹിച്ചു. ക്രമീകരണങ്ങൾക്ക് ഇടവക സെക്രട്ടറി എൽദോ അരുൺ ജോസഫ്, ട്രസ്റ്റി എൽദോ കെ. ജേക്കബ്, വൈസ് പ്രസിഡന്റ് സൈജി കെ.പി. എന്നിവർ നേതൃത്വം നൽകി.
മുസഫ സെന്റ് പോൾസ് കാത്തലിക് പള്ളിയിൽ ഉയിർപ്പ് തിരുന്നാളിന് ഫാ. ടോം ജോസഫ് മുഖ്യകാർമികത്വം വഹിച്ചു.
ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ഫിലിപ് എം. സാമുവേല്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. ഡിനു എം. ദാനിയേല്‍ എന്നിവര്‍ സഹ കാർമികരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.