ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈനിന് കോവിഡ് കാരണം 20.3 ബില്യൺ ദിർഹം വാർഷികനഷ്ടം. മുൻവർഷത്തേതിൽനിന്ന് 66 ശതമാനം കുറഞ്ഞ വരുമാനമാണ് ആകെ ലഭിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിലാണ് വലിയനഷ്ടം. 2020 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ കമ്പനി 1.7 ബില്യൺ ദിർഹമിൻെറ ലാഭത്തിലായിരുന്നു.
എമിറേറ്റ്സ് സേവനങ്ങൾ ലഭ്യമാകുന്ന പ്രധാന റൂട്ടുകളിൽ നീണ്ടകാലം യാത്രവിലക്ക് പ്രഖ്യാപിക്കപ്പെട്ടതും കോവിഡ്മൂലം യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതുമാണ് നഷ്ടത്തിന് കാരണമായത്. കഴിഞ്ഞ വർഷം കമ്പനിയുടെ പ്രധാന മുൻഗണന ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിഗണിക്കുന്നതിലും ചെലവ് നിയന്ത്രിക്കുന്നതിലുമായിരുന്നെന്ന് എയർലൈൻ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. കഴിഞ്ഞ വർഷം എമിറേറ്റ്സിന് ദുബൈ സർക്കാറിൽനിന്ന് 11.3 ബില്യൺ ദിർഹം മൂലധനമായി ലഭിച്ചിരുന്നു. ഇതിനുപുറമെ, വിവിധ വ്യവസായ പിന്തുണാ പദ്ധതികൾവഴി 800 മില്യൺ ദിർഹവും കണ്ടെത്തി. പ്രവർത്തനങ്ങൾ നിലനിർത്താൻ ഉപയോഗപ്പെടുത്തിയത് ഇതാണെന്ന് ചെയർമാൻ വ്യക്തമാക്കി.
കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ എണ്ണം 31 ശതമാനം കുറഞ്ഞ് 75,145 ജീവനക്കാരായി. ഇതടക്കമുള്ള വിവിധ ചെലവ് ചുരുക്കൽ നടപടികൾ 7.7 ബില്യൺ ദിർഹം ലാഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
എമിറേറ്റ്സ് പ്രതിസന്ധിയിൽനിന്ന് ശക്തമായി തിരിച്ചുവരുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ജനങ്ങൾക്കും ലോകത്തിനും മികച്ച സംഭാവനകളർപ്പിക്കാനും വ്യോമയാന-വിനോദ സഞ്ചാരമേഖലയുടെ ഭാവിയെ നിർണയിക്കുന്നതിലും കമ്പനിക്ക് ഏറെ ചെയ്യാൻകഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിതലമുറക്കായി സമ്പന്നമായ ഒരുനഗരം സൃഷ്ടിക്കുകയാണ് ദുബൈയുടെ ലക്ഷ്യം. അവിടെ എല്ലാവർക്കും അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും കൈവരിക്കാനും അവരുടെ കഴിവുകൾ സമർപ്പിക്കാനും സാമ്പത്തിക നേട്ടങ്ങൾ കൊയ്യാനും മികച്ച ജീവിതനിലവാരം ആസ്വദിക്കാനും കഴിയും. അത്തരമൊരു ലക്ഷ്യത്തിലേക്ക് എമിേററ്റ്സ് സുപ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കും -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.