ദുബൈ: 2022-23 സാമ്പത്തിക വർഷം ലാഭത്തിൽ റെക്കോഡ് നേട്ടം കൈവരിച്ച് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന കമ്പനിയായ എമിറേറ്റ്സ്. ലോക രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളയുകയും രാജ്യാന്തര അതിർത്തികൾ തുറന്നിടുകയും ചെയ്തതോടെ വിമാനയാത്രക്കാരുടെ എണ്ണം വർധിച്ചതാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാന സർവിസ് കമ്പനിയായ എമിറേറ്റ്സിന്റെ ലാഭം കുതിച്ചുയരാൻ കാരണം.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം 2.9 ശതകോടി ഡോളറിന്റെ (10.6 ശതകോടി ദിർഹം) ലാഭമാണ് കമ്പനി നേടിയത്. തൊട്ടു മുമ്പത്തെ വർഷം 3.9 ശതകോടി ദിർഹം നഷ്ടത്തിലായിരുന്ന സ്ഥാനത്താണ് പോയവർഷം വൻ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് കമ്പനി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമാവുകയും കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ ആഗോള വ്യോമപാതകൾ പുനഃസ്ഥാപിക്കുകയും ചെയ്തതോടെ വരുമാനം 81 ശതമാനം ഉയർന്ന് 10.74 ശതകോടി ദിർഹമിലെത്തുകയായിരുന്നു. കഴിഞ്ഞ വർഷം എമിറേറ്റ്സ് യാത്രക്കാരുടെ എണ്ണം 43.6 ദശലക്ഷമാണ്. തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 123 ശതമാനമാണ് വർധന.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ യാത്രക്കാരുടെ ശക്തമായ തിരിച്ചുവരവ് മുന്നിൽ കണ്ട് പ്രവർത്തനം വിപുലപ്പെടുത്തിയിരുന്നതായി എമിറേറ്റ്സ് ചെയർമാനും സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് പറഞ്ഞു.
മഹാവ്യാധിയെ തുടർന്നുണ്ടായ നഷ്ടത്തിൽനിന്ന് അതിവേഗം കരകയറാൻ എമിറേറ്റ്സിന് കഴിഞ്ഞുവെന്നതാണ് ഈ നേട്ടം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മുഴുവൻ ബോയിങ് 777 വിമാനങ്ങളും 116 എയർബസ് എ380 സൂപ്പർജംബോകളിൽ 86 വിമാനങ്ങളും സർവിസ് നടത്തുന്നുണ്ട്. അതോടൊപ്പം അതിനൂതന ഇന്ധന സാങ്കേതിക വിദ്യകളിൽ ഊന്നിയുള്ള ഗവേഷണ, വികസന പദ്ധതികൾക്ക് 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും കമ്പനി നടത്തിയതായി എമിറേറ്റ്സ് വ്യക്തമാക്കി. എയർ കാർഗോ രംഗത്തും വൻ ലാഭമാണ് കഴിഞ്ഞ വർഷമുണ്ടായത്. കമ്പനിയുടെ എയർ ഹാന്റ്ലിങ്, കാർഗോ വിഭാഗമായ ഡനാറ്റ കഴിഞ്ഞ വർഷം 331 ദശലക്ഷം ദിർഹമിന്റെ ലാഭം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.