ദുബൈ: വിദ്യാർഥികൾക്കുള്ള ലോകത്തെ ഏറ്റവും വലിയ അറബ് സാഹിത്യ മത്സരമായി കണക്കാക്കുന്ന അറബ് റീഡിങ് ചലഞ്ചിൽ ഇമാറാത്തി വിദ്യാർഥിനി അംന മുഹമ്മദ് അൽ മൻസൂരി വിജയിയായി. അബൂദബി സ്വദേശിയായ അംനയെ ദുബൈയിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് വിജയിയായി പ്രഖ്യാപിച്ചത്.
മത്സരത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗക്കാരുടെ കാറ്റഗറിയിലും ഇമാറാത്തി വിദ്യാർഥിയാണ് വിജയിച്ചത്. പൊതു വിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി സാറ അൽ അമീരിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
വിദ്യാർഥികൾക്കിടയിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യംവെച്ച് ആരംഭിച്ച മത്സരം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് തുടക്കമിട്ടത്. അറബ് ലോകത്തെ ഒന്നാം ക്ലാസുമുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികളാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്. അഞ്ചു ഘട്ടങ്ങളായുള്ള മത്സരത്തിൽ 10 പുസ്തകങ്ങൾ വായിച്ച ശേഷം സംഗ്രഹിച്ച് അവതരിപ്പിച്ചാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.
ആദ്യഘട്ടത്തിന് ശേഷം പിന്നീട് ഒരോ തലത്തിലും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും അവതരിപ്പിക്കുകയും വേണം. ഈ വർഷത്തെ വിജയിയായ അംന മുഹമ്മദ് അൽ മൻസൂരി 128 പുസ്തകങ്ങളാണ് വായിച്ചിട്ടുള്ളത്. ഇത്തവണ 46 രാജ്യങ്ങളിൽനിന്നായി 2.48 ലക്ഷം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇമാറാത്തി കുട്ടികളുടെ മത്സരവിജയത്തിൽ ട്വിറ്ററിലൂടെ സന്തോഷം രേഖപ്പെടുത്തിയ ശൈഖ് മുഹമ്മദ് ബിൻ റാശിദ്, പുതിയ തലമുറ വായനയിൽ കാണിക്കുന്ന താൽപര്യത്തിൽ ശുഭാപ്തി വിശ്വാസം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.