ദുബൈ: കഴിഞ്ഞ തിങ്കളാഴ്ചയിലെ പ്രഭാതം ആ മൂന്ന് ഇമാറാത്തികൾക്ക് ഒരിക്കലും മറക്കാവുന്നതല്ല. ഉറങ്ങിക്കിടക്കെ, സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു എല്ലാം സംഭവിച്ചത്. ഭൂചലനത്തിന്റെ അടുത്ത നിമിഷത്തിൽ എങ്ങും നിലവിളികളും ജീവന്റെ അവസാന ശ്വാസത്തിലെ ഞരക്കങ്ങളും മാത്രമായിരുന്നു കേട്ടിരുന്നത്. കാതുകളിൽനിന്ന് ഇപ്പോഴും നിലവിളികൾ വിട്ടുപോയിട്ടില്ലെന്ന സത്യമാണ് തുർക്കിയയിലെ പിടിച്ചുലച്ച ദുരന്തത്തിൽനിന്ന് തലനാരിഴക്ക് ജീവിതം തിരിച്ചുകിട്ടിയ ഇവർ പങ്കുവെക്കുന്നത്.
ഭൂകമ്പം കനത്തനാശം വിതച്ച അന്തോക്ക്യ പട്ടണത്തിലെ നോർത്ഹിൽ ഹോട്ടലിലായിരുന്നു സംഭവസമയത്ത് മുഹമ്മദ് അൽ ഹർമൂദി, മാജിദ് അബ്ദുറഹ്മാൻ, അഹ്മദ് അൽ യാസി എന്നിയുവാക്കളുണ്ടായിരുന്നത്. തുർക്കിയ തലസ്ഥാനമായ ഇസ്തംബൂളിൽനിന്ന് കായിക പരിപാടിയിൽ പങ്കെടുക്കാനാണ് ഇവർ നഗരത്തിലെത്തിയത്. മൂന്നുപേരും വ്യത്യസ്ത മുറികളിലാണ് കഴിഞ്ഞിരുന്നത്. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ കനത്ത ഭൂകമ്പം ഹോട്ടൽ പൂർണമായും തകർത്തു. മുറിയിലെ എല്ലാ വസ്തുക്കളും പെട്ടെന്ന് കീഴ്മേൽ മറിഞ്ഞതായാണ് അനുഭവപ്പെട്ടതെന്ന് മുഹമ്മദ് അൽ ഹർമൂദി പറയുന്നു. മുറിയിൽ വീണുകിടക്കുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചിട്ട് സാധിച്ചില്ല. പ്രയാസപ്പെട്ട് ജനലിന് സമീപമെത്തി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ എങ്ങും കല്ലും ചില്ലുകളും നിറഞ്ഞിരിക്കുകയായിരുന്നു. വാതിൽ ഓട്ടോമാറ്റിക് ലോക്ക് വീണ് തുറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. എന്നാൽ, ഫ്രെയിമുകൾ തകർന്നതിനാൽ വാതിൽ പൊളിച്ച് പുറത്തിറങ്ങുകയായിരുന്നു. രക്ഷപ്പെടുന്നതിനിടയിൽ രണ്ട് ജർമൻകാരെയും ഒരു സിറിയൻ ദമ്പതികളെയും സഹായിച്ചു. എന്നാൽ, അപ്പോഴും സഹായത്തിനായി എല്ലായിടത്തും നിലവിളികൾതന്നെയായിരുന്നു -അദ്ദേഹം ഓർത്തെടുത്തു.
മൂന്നുപേരും ഹോട്ടലിന് പുറത്തുകടന്നത് കെട്ടിടത്തിന്റെ ചില്ലുജനാലകൾ തകർത്താണ്. ഇവർ പുറത്തുകടന്നശേഷമാണ് രണ്ടാമത് ഭൂചലനമുണ്ടായതെന്നും അതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും ഇവർ പറയുന്നു. രണ്ടാമത്തെ ഭൂചലനത്തോടെ ഹോട്ടൽ പൂർണമായും തകരുകയായിരുന്നു. ഒരു കെട്ടിടത്തിൽനിന്ന് സഹായത്തിനായി നിലവിളിച്ച സ്ത്രീയുടെ നിലവിളി ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്ന് അബ്ദുറഹ്മാൻ പറയുന്നു. അഹ്മദ് അൽ യാസിയുടെ കൈയിൽ ആഴത്തിലുള്ള മുറിവും കാലുകൾക്ക് പരിക്കുമേറ്റിരുന്നു. തകർന്ന ഒരു ഫാർമസിയിൽനിന്ന് ബാൻഡേജുകൾ എടുത്ത് മുറിവുകൾ തൽക്കാലം കെട്ടിവെക്കുകയായിരുന്നു.
അബ്ദുറഹ്മാനും പരിക്കേറ്റിരുന്നു. എന്നാൽ, ഹർമൂദി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് ഫോണിൽ വിളിച്ച് തുർക്കിയയിലെ എംബസിയിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് മറ്റൊരു നഗരമായ അദാനയിൽ എത്തിയശേഷമാണ് യു.എ.ഇയിൽ നിന്നെത്തിയ പ്രത്യേക വിമാനത്തിൽ മൂന്നുപേരെയും നാട്ടിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.