അബൂദബി: പരിസ്ഥിതിസംരക്ഷണവും പൊതു താമസകേന്ദ്രങ്ങളുടെ ഭംഗിയും കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് അബൂദബി സിറ്റി മുനിസിപ്പാലിറ്റി അഞ്ചു ദിന ഫീല്‍ഡ് കാമ്പയിന് നടത്തി. റിയൽ എസ്റ്റേറ്റ് ഉടമകളും ജീവനക്കാരും പൊതുശുചിത്വത്തിന് പ്രാധാന്യം നല്‍കണമെന്നും മാലിന്യം നിര്‍ദിഷ്ട ഇടങ്ങളില്‍ മാത്രം നിക്ഷേപിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
അബൂദബി മാലിന്യ കൈകാര്യ കമ്പനി (തദ്വീര്)യുമായി സഹകരിച്ചാണ് സിറ്റി മുനിസിപ്പാലിറ്റി സെന്റര്‍, അല്‍ ഷഹാമ മുനിസിപ്പാലിറ്റി സെന്റര്‍, മുസഫ മുനിസിപ്പാലിറ്റി സെന്റര്‍, മദീനത്ത് സായിദ് മുനിസിപ്പാലിറ്റി സെന്റര്‍, അല്‍ വത്ബ മുനിസിപ്പാലിറ്റി സെന്റര്‍, ബനിയാസ് മുനിസിപ്പല്‍ പ്രസന്‍സ് സെന്റര്‍ എന്നിവിടങ്ങളില്‍ കാമ്പയിന് നടത്തിയത്.
ശരിയായരീതിയില്‍ മാലിന്യം നിക്ഷേപിക്കേണ്ട മാര്‍ഗങ്ങള്‍ കെട്ടിട ഉടമകള്‍ക്കും വ്യാപാരശാല ജീവനക്കാര്‍ക്കും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ വിവരിച്ചുനല്‍കി. താമസകേന്ദ്രങ്ങള്‍ നഗരഭംഗിക്ക് കോട്ടംതട്ടാത്തവിധം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കെട്ടിട ഉടമകളെ ബോധവത്കരിക്കുകയും അതിനായി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
നിര്‍മാണമേഖലയില്‍ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള പരിശോധനകളും മുനിസിപ്പാലിറ്റി നടത്തി. ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടോ, തൊഴിലാളികള്‍ക്ക് തണലുള്ള സൗകര്യപ്രദമായ വിശ്രമകേന്ദ്രം ഉച്ചസമയങ്ങളില്‍ നല്കുന്നുണ്ടോ, തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.