അബൂദബി: പകർച്ചപ്പനിക്കെതിരെ അബൂദബിയിലെ സ്കൂൾ വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ഫ്ലൂ വാക്സിനേഷൻ നൽകുന്നു. വാക്സിൻ സൗജന്യമായി ലഭിക്കുന്നതിന് അടുത്തുള്ള പ്രാഥമിക ശുശ്രൂഷ കേന്ദ്രം സന്ദർശിക്കാൻ അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അഭ്യർഥിച്ചു.
വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാർഥികളെ പകർച്ചവ്യാധിയിൽനിന്ന് സംരക്ഷിക്കാനുമാണ് വാക്സിൻ നൽകുന്നത്. ശീതകാലം ആരംഭിക്കുകയും പകർച്ചപ്പനി തുടങ്ങുകയും ചെയ്തതോടെയാണ് അബൂദബി ആരോഗ്യവകുപ്പുമായി സഹകരിച്ച് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സീസണൽ ഇൻഫ്ലുവൻസ വൈറസ് പ്രതിരോധ കുത്തിവെപ്പ് നൽകാനുള്ള കാമ്പയിൻ ആരംഭിച്ചതെന്ന് വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് വിദ്യാർഥികൾ വഴി എല്ലാ കുടുംബങ്ങൾക്കും കത്തുകൾ അയച്ചു.
ഇൻഫ്ലുവൻസ അതിവേഗം പകരുന്ന പകർച്ചവ്യാധിയാണ്. രോഗബാധിതർ വായ, മൂക്ക്, കണ്ണ് എന്നിവ സ്പർശിക്കുക വഴിയും രോഗം പകരാം. സ്കൂളുകളിൽ അണുബാധ പടരാതിരിക്കാൻ അസുഖമുണ്ടായാൽ കുട്ടികളെ വീട്ടിൽ പാർപ്പിക്കണം. 50 വർഷത്തിലധികമായി ദശലക്ഷക്കണക്കിന് ആളുകൾക്ക് സീസണൽ ഇൻഫ്ലുവൻസ വാക്സിൻ നൽകിയതിനാൽ സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും വിജയകരമായ തെളിവുണ്ടെന്ന് അബൂദബി ആരോഗ്യവകുപ്പ് വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിന് ഒട്ടേറെ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയതായും സീസണൽ ഇൻഫ്ലുവൻസ വാക്സിൻ രോഗം പടരാതിരിക്കാനും കുറക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. വാക്സിൻ ലൈസൻസ് ലഭിക്കുന്നതിനുമുമ്പ് അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വിപുലമായ പരിശോധന നടത്തിയിരുന്നു.
ഏതെങ്കിലും മരുന്നിനെപ്പോലെ വാക്സിനും ചെറിയ പാർശ്വഫലങ്ങൾക്ക് കാരണമാകാമെന്ന് അബൂദബി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ, കഠിനമായ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. ഇൻഫ്ലുവൻസ വാക്സിൻ കുത്തിവെച്ച ഭാഗത്ത് വേദനയും ചുവപ്പും നേരിയ പനിയും ശരീരവേദനയും അനുഭവപ്പെടാം. കഠിനമായ ഇൻഫ്ലുവൻസ ലക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പാർശ്വഫലങ്ങൾ വളരെ മിതമാണ്.
വാക്സിൻ എടുത്ത ശരീരത്തിൽ ഇൻഫ്ലുവൻസക്കെതിരായ പ്രതിരോധശേഷി ലഭിക്കുന്നതിന് ഒന്നുമുതൽ രണ്ടാഴ്ച വരെ സമയം ആവശ്യമാണ്. വാക്സിൻ പ്രയോജനപ്പെടുന്നതിന് മുമ്പ് ഇൻഫ്ലുവൻസ വൈറസ് ബാധിതരായേക്കാം. ശ്വാസകോശസംബന്ധമായ അസുഖങ്ങളായതിനാൽ ജലദോഷവും പനിയും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ലക്ഷണങ്ങൾ സമാനമായിരിക്കാം.
•വാക്സിൻ വർഷംതോറും എടുക്കുക.
•തുമ്മലും ചുമയും ഉണ്ടാകുമ്പോൾ വായും മൂക്കും മൂടുക.
•കൈ കഴുകലും അണുമുക്തമാക്കലും നിരന്തരം തുടരുക.
•ഉപരിതലങ്ങളും ഉപകരണങ്ങളും നിരന്തരം വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്യുക.
•അസുഖം വരുമ്പോൾ മറ്റുള്ളവരുമായി ഇടപഴകുന്നത് കുറക്കുക.
ദുബൈ: ഇൻഫ്ലുവൻസ തടയാനായി ദുബൈയിലും സൗജന്യ വാക്സിൻ നൽകുമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. അഞ്ച് വയസ്സിൽ താഴെയുള്ളവർ, 65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, സ്വദേശികൾ എന്നിവർക്കാണ് സൗജന്യമായി നൽകുന്നത്.പ്രൈമറി ഹെല്‍ത്ത് കെയര്‍ സെൻററിലോ മെഡിക്കല്‍ ഫിറ്റ്നസ് സെൻററിലോ എത്തി സൗജന്യമായി വാക്സിൻ സ്വീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.