ദുബൈ: ഇന്ത്യയിൽ നിന്ന് അബൂദബിയിലേക്ക് ജൂലൈ 21വരെ സർവീസുണ്ടാകില്ലെന്ന് അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവെയ്സ്. ഇത്തിഹാദിെൻറ വെബ്സൈറ്റിലും ട്വിറ്ററിൽ യാത്രക്കാരുടെ ചോദ്യത്തിന് മറുപടിയായും ഇക്കാര്യം വ്യക്തമാക്കി. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അടുത്ത മാസം ഏഴിന് ശേഷം സർവീസുകൾ പുനരാരംഭിക്കുമോ എന്ന സംശയമുന്നയിച്ച യാത്രക്കാരനാണ് ഇത്തിഹാദ് ട്വിറ്ററിൽ മറുപടി നൽകിയത്. വൈകാതെ ഇക്കാര്യം വെബ്സൈറ്റിലും അപ്ഡേറ്റ് ചെയ്തു. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായാണ് യാത്രവിലക്ക് പ്രഖ്യാപിച്ചത്.
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് ജൂലൈ ഏഴുമുതൽ സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയർലൈൻ അറിയിച്ചിരുന്നു. ട്വിറ്ററിൽ യാത്രക്കാരെൻറ ചോദ്യത്തിന് മറുപടിയായാണ് എമിറ്റേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ യാത്രയുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങളും സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതിയും ലഭിച്ചാലേ സ്ഥിരീകരിക്കാൻ കഴിയൂ എന്നും കമ്പനി അറിയിക്കുകയുണ്ടായി. എമിറേറ്റിെൻറ വെബ്സൈറ്റിൽ ജൂലൈ ഏഴുമുതൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
എമിറേറ്റ്സ്, ഇത്തിഹാദ്, എയർഇന്ത്യ എന്നീ എയർലൈനുകൾ ജൂലൈ ആറ് വരെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇത്തിഹാദ് വിലക്ക് ജൂലൈ 21വരെയെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റു കമ്പനികളും സമാനമായ അറിയിപ്പ് നൽകാനാണ് സാധ്യതയുള്ളത്.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വാക്സിൻ നിർബന്ധമാക്കിയതായി ദുബൈ ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു. ജൂൺ 23 മുതൽ യു.എ.ഇ അംഗീകൃത രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷ ഇതിനെ തുടർന്നുണ്ടായി. സർവീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികൾക്ക് ആശ്വാസമായിരുന്നു. ചില എയർലൈനുകൾ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തു. എന്നാൽ, ചില കാര്യങ്ങളിൽ അവ്യക്തത ഉണ്ടായതോടെ എയർലൈനുകൾ ടിക്കറ്റ് ബുക്കിങ് നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.