അജ്മാന്: പശ്ചിമേഷ്യ-വടക്കനാഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥാലയമായ ദുബൈ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിലെ ഷെല്‍ഫില്‍ പ്രവാസി മലയാളിയായ അസി എഴുതിയ 'ക്യാമ്പ് ക്രോപറിന്റെ ഇടനാഴികൾ' പുസ്തകവും സ്ഥാനം പിടിച്ചു. സദ്ദാം ഹുസൈനെ അമേരിക്ക നീണ്ട മൂന്നു വർഷക്കാലം രഹസ്യ തടവിൽ പാർപ്പിച്ച 'ക്യാമ്പ് ക്രോപർ' എന്ന തടവറയെ കേന്ദ്രമാക്കി അസി ഒരുക്കിയ നോവലാണ് 'ക്യാമ്പ് ക്രോപറിന്റെ ഇടനാഴികൾ'. പുസ്തകത്തെ കുറിച്ചറിഞ്ഞ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ അഡ്വൈസർ ഡേവിഡ് ഹർഷ് നേരിട്ട് അസിയെ ബന്ധപ്പെടുകയായിരുന്നു. ക്യാമ്പ് ക്രോപര്‍ പ്രമേയമാക്കി ഒരുക്കിയ ലോകത്തിലെ ഏക പുസ്തകമെന്ന നിലയില്‍ അമേരിക്കൻ ലൈബ്രറി കോൺഗ്രസിന്റെ വെബ്സൈറ്റ് ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നുണ്ട്. പുസ്തകവുമായി മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിലെത്തിയ അസിയില്നിന്നും ഡേവിഡ് ഹർഷ് 'ക്യാമ്പ് ക്രോപറിന്റെ ഇടനാഴികൾ' നേരിട്ട് കൈപറ്റി. ഏഴു നിലകളിലായി സജ്ജീകരിച്ച് 10 ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിലെ മലയാളത്തിൽനിന്ന് ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ പുസ്തകങ്ങളിലൊന്നാണ് ഈ നോവൽ. സംവിധായകന് സിദ്ദീഖുമായി ചേർന്ന് അസി ഒരു ബിഗ് ബജറ്റ് സിനിമയുടെ തിരക്കഥ ഒരുക്കുകയാണിപ്പോൾ. വിശ്വോത്തര ഗ്രന്ഥശാലയില്‍ പുസ്തകം സ്വീകരിച്ചത് ജീവിതത്തിലെ ധന്യമുഹൂര്ത്തമായാണ് കാണുന്നതെന്ന് തിരൂര്‍ കെ പുരം സ്വദേശിയായ നോവലിസ്റ്റ് അസി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.