ദുബൈ: അധികൃതരുടെ പ്രതീക്ഷകളെയും മറികടന്ന് എക്സ്പോ 2020യിലേക്ക് സന്ദർശക പ്രവാഹം. ഒക്ടോബർ 24 വരെ സന്ദർശിച്ചത് 14,71,314 പേർ. സന്ദർശകരുടെ എണ്ണം പത്ത് ലക്ഷം കടന്നിട്ടുണ്ടാകുമെന്നായിരുന്നു അധികൃതർ ഞായറാഴ്ച സൂചിപ്പിച്ചത്. എന്നാൽ, തിങ്കളാഴ്ച കണക്കെടുത്തപ്പോഴാണ് 15 ലക്ഷത്തിനടുത്ത് എത്തിയത്. എല്ലാ തിങ്കളാഴ്ചകളിലുമാണ് എക്സ്പോ സന്ദർശകരുടെ എണ്ണം വിലയിരുത്തുന്നത്.
നബിദിനം ഉൾപെടെ തുടർച്ചയായ മൂന്ന് അവധി ദിനങ്ങൾ വന്നതാണ് എണ്ണം കുതിച്ചുയരാനുണ്ടായ പ്രധാന കാരണം. സമി യൂസുഫ്, എ.ആർ. റഹ്മാൻ എന്നിവരുടെ സാന്നിധ്യവും ജനങ്ങളുടെ ഒഴുക്കിന് കാരണമായി. രാജ്യത്തെ കാലാവസ്ഥയിലുണ്ടായ മാറ്റവും ജനങ്ങളെ എക്സപോ വേദിയിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായി എക്സ്പോ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഇൗസ അൽ അൻസാരി വിലയിരുത്തുന്നു.
തണുപ്പ് കാലം തുടങ്ങിയിട്ടില്ലെങ്കിലും ചൂടിന് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ബഹിരാകാശ വാരാചരണം പോലുള്ള പരിപാടികൾ കൂടുതൽ ആളുകളെ ആകർഷിച്ചതായി എക്സ്പോ കമ്യൂനിക്കേഷൻ സീനിയർ വൈസ് പ്രസിഡൻറ് സ്കൊനൈഡ് മക്ഗീച്ചിൻ പറഞ്ഞു. കുട്ടികൾക്ക് ഉല്ലസിക്കാൻ കഴിയുന്ന പരിപാടികൾ സംഘടിപ്പിച്ചത് കൂടുതൽ പേരെ എക്സ്പോയിലെത്തിച്ചു.
രാജസ്ഥാൻ റോയൽസ് പോലുള്ള ക്രിക്കറ്റ് ടീമുകളുടെ ക്രിക്കറ്റ് ക്ലിനിക്കുകളും സ്പോർട്സ് പരിപാടികളും സന്ദർശകരുടെ എണ്ണം കൂടാൻ ഇടയാക്കി. പവലിയൻ തിരിച്ചുള്ള കണക്കുകൾ അതാത് പവലിയനുകളാണ് പ്രഖ്യാപിക്കുന്നത്. യു.കെ പവലിയനിൽ ലക്ഷം സന്ദർശകരും സൗദിയിൽ 33,000 പേരും എത്തിയത് അവർ അറിയിച്ചിരുന്നു.
തണുപ്പ് തുടങ്ങുന്നതോടെ കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികൾ എക്സ്പോയിൽ എത്തുമെന്നാണ് പ്രതീക്ഷ. ടിക്കറ്റെടുത്ത് സന്ദർശനം നടത്തിയവരുടെ എണ്ണം മാത്രമാണ് നിലവിൽ ഉൾപെടുത്തിയിരിക്കുന്നത്. രാജ്യങ്ങളുടെ പ്രതിനിധികൾ, അതിഥികൾ, എക്സ്പോ ജീവനക്കാർ എന്നിവരെ ഉൾപെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.